ജോജുവിന്റെ കാര്‍ തകര്‍ത്ത കേസ്; കോൺഗ്രസ് പ്രവർത്തകന്റെ ജാമ്യപേക്ഷ കോടതി തള്ളി
അഡ്മിൻ
നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസിലെ പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫിന്റെ ജാമ്യപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.ജോസഫിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി കോടതിയില്‍ വാദിച്ചിരുന്നു.
സെലിബ്രിറ്റിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെയായിരുന്നു കോണ്‍ഗ്രസ് സമരം. റോഡിന്റെ ഒരു ഭാഗം ഗതാഗതത്തിനായി തുറന്ന് നല്‍കണമെന്ന് പറഞ്ഞതിനായിരുന്നു ആക്രമണമെന്ന് ജോജുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രതിഷേധത്തിന്റെ മറവില്‍ രണ്ടു മണിക്കൂറോളം ഗതാഗത തടസം സൃഷ്ടിച്ചതായും ജോജുവിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
എന്നാല്‍ ഗതാഗത തടസമുണ്ടായെങ്കില്‍ അക്കാര്യം പൊലീസിനെയാണ് അറിയിക്കേണ്ടിയിരുന്നതെന്നാണ് പ്രതിഭാഗം വാദിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോസഫ് അക്രമം നടത്തിയെന്നതിന് തെളിവില്ല. ജാമ്യം നല്‍കിയാല്‍ പ്രതി തെളിവു നശിപ്പിക്കുമെന്ന് പറയുന്നതില്‍ യുക്തിയില്ല. കോണ്‍ഗ്രസിന്റെ താഴെ തട്ടിലുള്ള പ്രവര്‍ത്തകന്‍ മാത്രമാണ് ജോസഫ്. തെളിവു നശിപ്പിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ പുറത്ത് ധാരാളം നേതാക്കളില്ലേയെന്നും പിന്നെന്തിന് ജോസഫിനെ ജയിലിലിടണമെന്നും പ്രതിഭാഗം ചോദിച്ചിരുന്നു.
എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു. അതേസമയം. വാഹനം തകര്‍ത്ത കേസില്‍ കോണ്‍ഗ്രസിന് മുന്നില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ വച്ച് നടന്‍ ജോജു ജോര്‍ജിന്റെ അഭിഭാഷകന്‍ രംഗത്തെത്തി. കോണ്‍ഗ്രസ് പരസ്യമായി മാപ്പ് പറഞ്ഞാല്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന സൂചനയാണ് ജോജുവിന്റെ അഭിഭാഷകന്‍ നല്‍കിയത്.
ജോജുവിനെതിരെ നേതാക്കളും പ്രവര്‍ത്തകരും പരസ്യമായി ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണം. നേതാക്കള്‍ നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങളും പിന്‍വലിക്കണം. പൊതുജനമധ്യത്തില്‍ ആരോപിച്ച കാര്യങ്ങള്‍ പൊതുമധ്യത്തില്‍ തന്നെ പ്രസ്താവനയിലൂടെ പിന്‍വലിക്കണം തുടങ്ങിയ കാര്യങ്ങളാണ് ജോജു മുന്നോട്ടു വച്ചിരിക്കുന്നത്.