കേരളത്തിലെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ നിലയിലാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വാക്‌സീന്‍ വിതരണം ലക്ഷ്യത്തിലേക്ക് എത്തുന്നുണ്ടെന്നും എങ്കിലും ജനങ്ങള്‍ ജാഗ്രതയും പ്രതിരോധവും കൈവിടരുതെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.

അനുപമ വിഷയത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വരാനുണ്ടെന്നും ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണമാണ് നടക്കുന്നതെന്നും വീണ ജോര്‍ജ് പറഞ്ഞു. ഇനി ഒരാഴ്ച കൂടി കഴിഞ്ഞാല്‍ റിപ്പോര്‍ട്ട് കിട്ടും. വീഴ്ച വന്നിട്ടുണ്ടോ ശിക്ഷാ നടപടി വേണമോ എന്നതുള്‍പ്പെടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തീരുമാനിക്കും. വനിതാ കമ്മീഷന്‍ ശിശുക്ഷേമ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കി എന്ന ആക്ഷേപം പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തു വിട്ട കണക്കനുസരിച്ച് സംസ്ഥാനത്തെ പ്രായപൂര്‍ത്തിയായവരില്‍ 95 ശതമാനം പേരും ആദ്യഡോസ് വാക്‌സീന്‍ സ്വീകരിച്ചു കഴിഞ്ഞു. 53 ശതമാനം പേര്‍ ഇതിനോടകം രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചു കഴിഞ്ഞു.

ജനുവരിയോടെ സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചവരുടെ എണ്ണം 80 -ശതമാനത്തിന് മുകളിലേക്ക് എത്തും എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. കുട്ടികള്‍ക്കായി സൈഡസ് കാഡിലയുടേയും ഭാരത് ബയോടെക്കിന്റേയും വാക്‌സീനുകള്‍ക്ക് നേരത്തെ ഐസിഎംആര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ വാക്‌സീനേഷന് അനുമതി ലഭിച്ചാല്‍ അതിനു വേണ്ട മുന്നൊരുക്കങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ട്.

06-Nov-2021