കൂടുതൽ പറയിപ്പിക്കരുത്; സുധാകരന് മറുപടിയുമായി മുല്ലപ്പളളി

വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറുന്നതെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. താൻ ഇന്നുവരെ ആരോടും വൈരാഗ്യബുദ്ധിയോടെ പെരുമാറിയിട്ടില്ലെന്ന് മുല്ലപ്പളളി പറഞ്ഞു.

വിമർശനങ്ങളോട് മൗനം പാലിക്കാനാണ് ശ്രമിക്കുന്നത് പക്ഷേ മൗനം വാചാലമാണ്, കൂടുതൽ പറയിപ്പിക്കരുത്. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് പുനഃസംഘടന നടത്തുന്നത് അധാർമികമാണെന്നും മുല്ലപ്പളളി മാധ്യമങ്ങളോട് പറഞ്ഞു.

'തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നീട് പുനഃസംഘടന എന്നുപറയുന്നത് രാഷ്ട്രീയ അധാർമികതയാണ്. സുധാകരൻ കെപിസിസി പ്രസിഡന്റായ ശേഷം ഞാൻ എവിടെയെങ്കിലും അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ടോ? പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഒരു തടസ്സവും സൃഷ്ടിക്കാൻ പാടില്ലെന്ന് എനിക്ക് നിർബന്ധ ബുദ്ധിയുണ്ട്.

അതുകൊണ്ടാണ് ഞാൻ മൗനം പാലിക്കുന്നത്. പക്ഷേ എന്റെ മൗനം വാചാലമാണെന്ന കാര്യം കേരളത്തിലെ പൊതുസമൂഹത്തിന് അറിയാം. അദ്ദേഹം പറഞ്ഞ കാര്യങ്ങൾക്കുള്ള ഉത്തരം പൊതുസമൂഹംതന്നെ നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു'- മുല്ലപ്പള്ളി പറഞ്ഞു.

07-Nov-2021