കെ സുധാകരന്റെ മത്സരപ്രഖ്യാപനം നേരത്തെ ആയിപ്പോയി: ടി സിദ്ദീഖ്

കോൺഗ്രസിന്റെ ഇപ്പോഴത്തെ ശാരീരികസാഹചര്യം പരസ്പര സംഘട്ടനത്തിന് യോജിച്ചതല്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റും നിയമസഭാംഗവുമായ ടി.സിദ്ദിഖ്. വിഴുപ്പലക്കലിലേക്കും സംഘട്ടനത്തിലേക്കും കൊണ്ടു പോകാതെ പാർട്ടിയെ ശക്തമാക്കാൻ സംഘടനാ തിരഞ്ഞെടുപ്പ് ഉപയോഗിക്കുകയാണ് വേണ്ടതെന്നും അതിനു നേതാക്കളെല്ലാം യോജിച്ചു നിൽക്കണമെന്നും ടി സിദ്ദിഖ് പറഞ്ഞു.

സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുളള മറുപടിയായാണ് മത്സരിക്കാൻ തയാറാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞതെന്നും ടി സിദ്ദീഖ് പറഞ്ഞു. കെപിസിസി പ്രസിഡന്റായി തുടരാനുളള ആഗ്രഹമാണ് അദ്ദേഹം അതിലൂടെ പ്രകടിപ്പിച്ചതെന്നും സിദ്ദീഖ് വ്യക്തമാക്കി. ഏകപക്ഷീയമായ ആ പ്രഖ്യാപനം ഗുണകരമാണോ എന്നു ചോദിച്ചാൽ കുറച്ചു നേരത്തേ ആയിപ്പോയെന്ന അഭിപ്രായമുണ്ട്. എല്ലാം നന്നായി കൊണ്ടു പോകാനുള്ള ഉത്തരവാദിത്തത്തിൽനിന്ന് അതു കൊണ്ട് അദ്ദേഹം ഒഴിഞ്ഞുമാറുമെന്ന് കരുതുന്നില്ല. കൂടിയാലോചനകൾക്ക് പ്രസിഡന്റ് മുൻകൈ എടുക്കുമെന്നു തന്നെയാണ് കരുതുന്നത്.

പല തരത്തിലുളള സാഹചര്യത്തെ കെ സുധാകരൻ നേരിടുന്നുണ്ടെന്നും ടി സിദ്ദീഖ് പറഞ്ഞു. സംഘടനയെ ഒന്നിച്ചു കൊണ്ടുപോകാൻ നോക്കുമ്പോൾ അനുഭവിക്കുന്ന സമ്മർദ്ദങ്ങളുണ്ട്. മറ്റൊരു ഭാഗത്ത് സംഘടനാപരമായി കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിയുടെ ആഴവും പരപ്പും സംബന്ധിച്ച് അദ്ദേഹത്തിനു നല്ല ബോധ്യമുണ്ട്. ഇതും രണ്ടും ചേർന്ന് കൊണ്ടു പോകുന്നതിൽ ഉണ്ടാകുന്ന ചില പ്രയാസങ്ങളാണ് ചില പ്രതികരണങ്ങളിൽ നിഴലിക്കുന്നത്.

സംഘടനയുടെ സ്റ്റോക്കെടുപ്പ് ഞങ്ങൾ ആഭ്യന്തരമായി നടത്തിയിരുന്നു. വളരെ വിഷമകരമായ സാഹചര്യം കോൺഗ്രസ് നേരിടുന്നുവെന്നാണ് ആ റിപ്പോർട്ട് വ്യക്തമാക്കിയത്. താഴേത്തട്ടിലെ സംഘടനാ ദൗർബല്യങ്ങളും പാർട്ടിക്ക് ലക്ഷ്യബോധമില്ലെന്ന വിലയിരുത്തലും അതിലുണ്ട്. അതെല്ലാം പരിഹരിക്കാനായി വളരെ ഗൗരവതരമായ ശ്രമങ്ങളാണ് നടക്കുന്നത്. പുലർച്ചെ വരെ ചർച്ചകളുമായി ഞങ്ങൾ ഇരുന്നിട്ടുണ്ട്. കോൺഗ്രസ് യൂണിറ്റ് രൂപീകരണം ഒരു നിശ്ശബ്ദ സംഘടനാ വിപ്ലവം തന്നെയാണ്. വലിയ മാറ്റമാണ് അതു പാർട്ടിയിൽ വരുത്തുന്നത്.

നാൽക്കവലയുടെ രാഷ്ട്രീയവും ഭവനകേന്ദ്രീകൃത രാഷ്ട്രീയവും രണ്ടും വച്ചു കൊണ്ടുള്ള ഒരു മുഖംമാറ്റത്തിന് കോൺഗ്രസ് ശ്രമിക്കുകയാണ്. അതേസമയം എല്ലാ കോൺഗ്രസ് നേതാക്കൾക്കും ഇതു സംബന്ധിച്ച മുഴുവൻ വിവരങ്ങളും എത്തിച്ചു നൽകേണ്ട ഉത്തരവാദിത്തം പാർട്ടിക്കുണ്ട്. അക്കാര്യത്തിലെ പോരായ്മ പരിഹരിക്കും- ടി സിദ്ദീഖ് പറഞ്ഞു.

എ ഗ്രൂപ്പ് വിട്ടു,അല്ലെങ്കിൽ ഉമ്മൻചാണ്ടിയെ വിട്ടു എന്ന് ഒന്നുകിൽ ഞാൻ പറയണം, അല്ലെങ്കിൽ ഉമ്മൻചാണ്ടി പറയണം. ഞങ്ങൾ രണ്ടു പേരും പറഞ്ഞിട്ടില്ലല്ലോ. മറിച്ച് ഉമ്മൻചാണ്ടിയെ വിട്ടുള്ള ഒരു സംഘടനാ പ്രവർത്തനം ഇല്ലെന്നു തന്നെയാണ് ഞാൻ പറഞ്ഞിട്ടുള്ളത്. അതിന് അപ്പുറത്തേയ്ക്ക് ഇക്കാര്യത്തിൽ ആരും ഒന്നും പറയേണ്ട കാര്യമില്ല. രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാടിനു കീഴിലുള്ള കൽപറ്റയുടെ ജനപ്രതിനിധി എന്ന നിലയിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ചില മാർഗനിർദേശങ്ങൾ എനിക്കുണ്ട്. അതു പിന്തുടരാൻ ഞാൻ ബാധ്യസ്ഥനാണ്.പിന്നെ ഞാൻ എന്താണെന്ന് എനിക്ക് അറിയാം, ഉമ്മൻചാണ്ടിക്കും അറിയാം. - ടി സിദ്ദീഖ് പറഞ്ഞു.

08-Nov-2021