രാജ്യത്തെ 33 ലക്ഷത്തിലധികം കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ്

ഇന്ത്യയിലെ 33 ലക്ഷത്തിലധികം കുട്ടികളും പോഷകാഹാരക്കുറവുള്ളവരാണെന്ന് ദേശീയ വനിത ശിശുവികസന വകുപ്പ് മന്ത്രാലയം. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2021 ഒക്ടോബര്‍ 14 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ 17,76,902 (17.76 ലക്ഷം) കുട്ടികള്‍ ഗുരുതര പോഷകാഹാരക്കുറവുള്ളവരും 15,46,420 (15.46 ലക്ഷം) കുട്ടികള്‍ മിതമായ പോഷകാഹാരക്കുറവുള്ളവരുമാണ്. മഹാരാഷ്ട്ര, ബിഹാര്‍, ഗുജറാത്ത് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് പോഷകാഹാര കുറവ് നേരിടുന്ന കുട്ടികളില്‍ പകുതിയിലധികം പേരുമുള്ളത്. പോഷകാഹാര വിതരണത്തിന്റെ നിരീക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വികസിപ്പിച്ച 'പോഷണ്‍ ട്രാക്കര്‍' പ്രകാരമുള്ള കണക്കുകളാണിത്.

2020 നവംബറിനും 2021 ഒക്ടോബര്‍ 14 നും ഇടയില്‍ രാജ്യത്തെ ഗുരുതര പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം 9,27,606 (9.27 ലക്ഷം) ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് 17.76 ലക്ഷമായി ഉയര്‍ന്നു. 91 ശതമാനത്തിന്റെ ഭയാനകമായ വര്‍ധനവാണ് ഇത് സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പോഷകാഹാരക്കുറവുള്ള കുട്ടികളുള്ളത്, 6,16,772 (6.16 ലക്ഷം) കുട്ടികളാണ് സംസ്ഥാനത്ത് പോഷകാഹാര കുറവ് നേരിടുന്നത്. അതില്‍ 1,57,984 (1.57 ലക്ഷം) കുട്ടികള്‍ മിതമായ പോഷകാഹാരക്കുറവും, 4,58,788 (4.58 ലക്ഷം) കുട്ടികള്‍ ഗുരുതര പോഷകാഹാരക്കുറവുമുള്ളവരാണ്.

രണ്ടാം സ്ഥാനത്തുള്ള ബിഹാറില്‍ 4,75,824 (4.75 ലക്ഷം) കുട്ടികള്‍ക്കാണ് പോഷകാഹാരക്കുറവുള്ളത്. അതില്‍ 3,23,741 കുട്ടികള്‍ മിതമായ പോഷകാഹാരക്കുറവുള്ളവരും, 1,52,083 പേര്‍ ഗുരുതര പോഷകാഹാരക്കുറവുള്ളവരുമാണ്.

മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തില്‍ 3,20,465 (3.20 ലക്ഷം) കുട്ടികള്‍ക്കാണ് പോഷകാഹാരക്കുറവുള്ളത്. 1,55,101 (1.55 ലക്ഷം) കുട്ടികള്‍ മിതമായ പോഷകാഹാരക്കുറവും, 1,65,364 (1.65 ലക്ഷം) ഗുരുതര പോഷകാഹാരക്കുറവും നേരിടുന്നു.

ആന്ധ്രാപ്രദേശിലെ പോഷകാഹാരക്കുറവുള്ള 2,67,228 (2.76 ലക്ഷം) കുട്ടികളില്‍ 69,274 പേര്‍ മിതമായ പോഷകാഹാരക്കുറവുള്ള കുട്ടികളും 1,97,954 പേര്‍ ഗുരുതര പോഷകാഹാരക്കുറവുള്ളവരുമാണ്.

കര്‍ണാടകയിലെ 2,49,463 (2.49 ലക്ഷം) കേസുകളില്‍ 1,82,178 പേര്‍ മിതമായ പോഷകാഹാരക്കുറവുള്ള കുട്ടികളും 67,285 പേര്‍ ഗുരുതരമായ പോഷകാഹാരക്കുറവുള്ള കുട്ടികളുമാണ്.

ഉത്തര്‍പ്രദേശില്‍ 1,86,640 (1.86 ലക്ഷം) കുട്ടികള്‍ക്കാണ് പോഷകാഹാരക്കുറവുള്ളത്. 1,14,094 കുട്ടികള്‍ മിതമായ പോഷകാഹാരക്കുറവ് നേരിടുമ്പോള്‍ 72,546 കുട്ടികളും ഗുരുതരമായ പോഷകാഹാരക്കുറവുള്ളവരാണ്. ദേശീയ

തലസ്ഥാനമായ ന്യൂഡല്‍ഹിയും ഒട്ടും പിന്നിലല്ല. 1,17,345 (1.17 ലക്ഷം) കുട്ടികളാണ് ഡല്‍ഹിയില്‍ പോഷകാഹാരക്കുറവുള്ളത്. അതില്‍ 20,122 കുട്ടികള്‍ മിതമായ പോഷകാഹാരക്കുറവും, 97,223 കുട്ടികള്‍ ഗുരുതര പോഷകാഹാരക്കുറവുള്ളവരുമാണ്.

08-Nov-2021