തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2021-22 വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും സമയബന്ധിതമായി നിര്‍വഹണം പൂര്‍ത്തിയാക്കുന്നതിനും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്നും സ്ഥിരംസമിതികള്‍ ഊര്‍ജ്ജിതമാവണമെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി രൂപീകരണത്തിലും നിര്‍വ്വഹണത്തിലും മോണിറ്ററിംഗിലും സ്ഥിരംസമിതികള്‍ക്ക് പ്രധാന പങ്കുവഹിക്കാനുണ്ട്. ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വര്‍ഷത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാവൂ. പദ്ധതി രൂപീകരണത്തിലും നിര്‍വഹണത്തിലും ഫലപ്രദമായി ഇടപെടാനും പദ്ധതികളുടെ ഗുണമേന്‍മ ഉറപ്പുവരുത്താനും സ്ഥിരംസമിതികള്‍ക്ക് സാധിക്കണം. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം നടപ്പിലാക്കുന്ന നല്ല പദ്ധതി മാതൃകയാക്കി മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ നടപ്പിലാക്കാനും ജില്ലകള്‍ക്ക് ആവശ്യമായ സംയുക്ത പദ്ധതികള്‍ രൂപീകരിക്കാനുമൊക്കെ സ്ഥിരം സമിതികളുടെ ഇടപെടല്‍ ഗുണകരമാവുമെന്ന് മന്ത്രി പറഞ്ഞു.
വയനാട് ജില്ലാ ആസൂത്രണസമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ സ്ഥിരംസമിതി അധ്യക്ഷന്‍മാരുടെ യോഗം വിവിധ തലങ്ങളിലായി വിളിച്ച് ചേര്‍ത്തതിലൂടെ മികച്ച ഗുണഫലമാണ് ഉണ്ടായിട്ടുള്ളതെന്നാണ് മനസിലാക്കുന്നത്. സ്ഥിരം സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ മോണിറ്ററിംഗ് ചെയ്യുന്നതിന് ജില്ലാ ആസൂത്രണ സമിതികള്‍ക്ക് ഫലപ്രദമായി സാധിക്കുമെന്നതിന് വയനാട് മോഡല്‍ തെളിവാണ്. മറ്റുള്ള ജില്ലകളും ഈ മാതൃക പിന്തുടണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാന തലത്തില്‍ വകുപ്പ് അധ്യക്ഷന്‍മാരുടെ യോഗം വിളിച്ചുചേര്‍ത്ത് നിര്‍വഹണ പുരോഗതി വിലയിരുത്തുന്നത് കൂടാതെ, തദ്ദേശ - ജില്ലാ ആസൂത്രണ സമിതികളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവലോകന യോഗങ്ങള്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ച് ബ്ലോക്ക്, നഗരസഭ, ജില്ലാ അടിസ്ഥാനത്തില്‍ നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അവലോകന യോഗങ്ങള്‍ ജില്ലാ ആസൂത്രണ സമിതികളുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്തുകൊണ്ടിരിക്കയാണ്. ഇതിലൂടെ പദ്ധതി നിര്‍വ്വഹണ പ്രക്രിയയെ ത്വരിതപ്പെടുത്താനാകുമെന്ന് മന്ത്രി വ്യക്തമാക്കി