ജലജീവന്‍ മിഷന്‍: പദ്ധതി നടപ്പാക്കുന്നത് കേന്ദ്ര സംസ്ഥാന തദ്ദേശ സ്വയംഭരണ സര്‍ക്കാരുകള്‍ സംയുക്തമായി

(ടി വി ഇബ്രാഹിം എം.എല്‍.എ.നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് അനുമതി നേടിയ സബ്മിഷന്‍ നോട്ടീസിന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നല്‍കിയ മറുപടി)


എല്ലാ വീടുകളിലും കുടിവെള്ള പൈപ്പ് കണക്ഷന്‍ എത്തിക്കുന്നതിനായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ജലജീവന്‍ മിഷന്‍. സംസ്ഥാനത്തെ എല്ലാ ഗ്രാമീണ ഭവനങ്ങള്‍ക്കും 2024 ഓടു കൂടി ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കി ഗ്രാമീണ ജനതയ്ക്ക് നിശ്ചിത അളവില്‍ സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര സംസ്ഥാന തദ്ദേശ സ്വയംഭരണ സര്‍ക്കാരുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരള വാട്ടര്‍ അതോറിറ്റി നിര്‍വ്വഹണ ഏജന്‍സിയായാണ് സംസ്ഥാനത്ത് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്.

ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ് കണക്ഷന്‍ നല്‍കുന്നതിന് പഞ്ചായത്തിലെ റോഡുകള്‍ മുറിക്കേണ്ടതായി വരുന്ന സാഹചര്യത്തില്‍ അത്തരം ഭാഗങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള തുക പ്രവൃത്തിയുടെ അംഗീകൃത ഷെഡ്യൂളില്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. ദേശീയപാത റോഡുകള്‍ മുറിച്ച് പൈപ്പിടേണ്ടി വരുന്ന പക്ഷം പ്രസ്തുത റോഡ് ഭാഗം പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ തുക ജലജീവന്‍ മിഷന്‍ മുന്‍കൂട്ടി പണം കെട്ടി വച്ച് അനുമതി തേടുന്നുണ്ട്. എന്നാല്‍, പ്രമേയാവതാരകന്‍ ഉന്നയിച്ചതു പോലെ പഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ള റോഡുകളുടെ കാര്യത്തിലും അപ്രകാരം ഡിപ്പോസിറ്റ് ചെയ്യണമെന്നത് വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട് പരിശോധിക്കുന്നതാണ്.

ഗ്രാമീണ റോഡുകള്‍ നന്നാക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് ഫണ്ട് ലഭ്യമല്ലാത്തതിനാല്‍ റോഡുകള്‍ ആകെ സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ് എന്ന പ്രമേയാവതാരകന്റെ വാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. സംസ്ഥാന ബജറ്റിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പൊതുവിഭാഗം വികസന ഫണ്ട്, റോഡിതര ആസ്തികളുടെ സംരക്ഷണ ഫണ്ട് എന്നിവ കൂടാതെ റോഡ് ആസ്തികളുടെ സംരക്ഷണ ഫണ്ട് കൂടി അനുവദിക്കുന്നുണ്ട്. എന്നാല്‍, മേല്‍പ്പറഞ്ഞ ജലജീവന്‍ മിഷന്‍ പ്രവൃത്തിയുടെ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തി ചെയ്യുന്ന റോഡ് റിപ്പയറിംഗ് ചിലപ്പോഴെങ്കിലും സുസ്ഥിരമാകാറില്ല. ഇത്തരം സാഹചര്യത്തില്‍ പ്രസ്തുത ഭാഗം ഉള്‍പ്പെടെയുള്ള റോഡ് പുനരുദ്ധാരണം നടത്തേണ്ടിവരുന്നുണ്ട്.

റോഡുകളുടെ മെയിന്റനന്‍സിന് വേണ്ടി നിലവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതത്തിന്റെ ഭാഗമായി നല്‍കുന്ന റോഡ് മെയിന്റനന്‍സ് ഗ്രാന്റ് ഉപയോഗപ്പെടുത്തി മേല്‍പ്പറഞ്ഞവ ഉള്‍പ്പെടെയുള്ള റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുത്ത് നടത്താവുന്നതാണ്. ജലജീവന്‍ മിഷന്‍ പ്രവൃത്തി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇത്തരം റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തിക്ക് മുന്‍ഗണന നല്‍കുന്നതിന് അതത് സാഹചര്യം പരിശോധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനം എടുക്കാവുന്നതാണ്.

09-Nov-2021