പ്രതിപക്ഷ ആരോപണം ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാനും വികസനവിരുദ്ധരെ തുറന്ന് കാട്ടാനുമുള്ള അവസരം
അഡ്മിൻ
പ്രതിപക്ഷ ആരോപണത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി മേയര്‍ ആര്യ രാജേന്ദ്രന്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ തെരുവ് വിളക്ക് പരിപാലനവുമായി ബന്ധപ്പെട്ട് എല്‍.ഇ.ഡി ലൈറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് ആണ് മേയര്‍ മറുപടി കൊടുത്തത്.അഴിമതിയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആര്യാ രാജേന്ദ്രന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
തിരുവനന്തപുരം നഗരസഭയില്‍ തെരുവ് വിളക്ക് പരിപാലനവുമായി ബന്ധപ്പെട്ട് എല്‍.ഇ.ഡി ലൈറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ചില കേന്ദ്രങ്ങളുടെ പ്രചരണം അടിസ്ഥാനരഹിതമാണ്.
തിരുവനന്തപുരം നഗരസഭ 2021-22 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നിലവിലുള്ള ട്യൂബ് ലൈറ്റ് മാറ്റി എല്‍.ഇ.ഡി ലൈറ്റ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചിരുന്നു
ആര്യാ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പതിനൊന്നല്ല, പതിനെട്ടടവും പയറ്റി നോക്കാം !തിരുവനന്തപുരം നഗരസഭയില്‍ തെരുവ് വിളക്ക് പരിപാലനവുമായി ബന്ധപ്പെട്ട് എല്‍.ഇ.ഡി ലൈറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ചില കേന്ദ്രങ്ങളുടെ പ്രചരണം അടിസ്ഥാനരഹിതമാണ്.തിരുവനന്തപുരം നഗരസഭ 2021-22 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നിലവിലുള്ള ട്യൂബ് ലൈറ്റ് മാറ്റി എല്‍.ഇ.ഡി ലൈറ്റ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചിരുന്നു.മാത്രമല്ല പുതിയ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 30.01.2021-ലെ കൗണ്‍സില്‍ യോഗം 20,000 എല്‍.ഇ.ഡി ലൈറ്റുകള്‍ വാങ്ങുന്നതിന് തീരുമാനിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ 17.02.2021ലെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ 10,000 എല്‍.ഇ.ഡി ലൈറ്റുകള്‍ അടിയന്തിരമായി സര്‍ക്കാര്‍ അംഗീകൃത അക്രഡിറ്റഡ് ഏജന്‍സിയായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍നിന്നും വാങ്ങുന്നതിനും തീരുമാനിച്ചു.എല്‍.ഇ.ഡി ലൈറ്റ് വയ്ക്കുന്നതിന് എല്ലാ സാധന സാമഗ്രികളുള്‍പ്പെടെ യൂണിറ്റ് ഒന്നിന് 2,480/- രൂപ നിരക്കില്‍ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു.
ടി നടപടി 19.03.2021-ലെ കൗണ്‍സില്‍ തീരുമാനം അംഗീകരിച്ചിരുന്നു. ടി കൗണ്‍സില്‍ യോഗത്തില്‍ ഒരംഗംപോലും ഇക്കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ല.തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 31.08.2018 തീയതിയിലെ 2330/2018 നമ്പര്‍ ഉത്തരവ് അനുസരിച്ച് യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തില്‍നിന്നും എല്‍.ഇ.ഡി ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള തെരുവ് വിളക്കുകള്‍ ടെണ്ടര്‍ കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വാങ്ങുവാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
മാത്രമല്ല നിലവില്‍ അത്തരത്തില്‍ അനുമതിയുള്ള ഒരേയൊരു സ്ഥാപനം യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാത്രമാണ്. യുണൈറ്റഡ് ഇലക്ട്രക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നത് 1950-ല്‍ തുടങ്ങിയ ഇന്‍ഡ്യയിലെ തന്നെ ആദ്യത്തെ ഇലക്ട്രിക് മീറ്റര്‍, മറ്റ് ഇലക്ട്രിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമാണ്.ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങളും എല്‍.ഇ.ഡി വിളക്കുകളും സ്വന്തമായി നിര്‍മ്മിക്കുകയും, മറ്റ് സ്ഥാപനങ്ങളുടെ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് നല്കുന്ന ജോലിയും അവിടെ വര്‍ഷങ്ങളായി ചെയ്തുവരുന്നുണ്ട്.
നിലവില്‍ കുറഞ്ഞ നിരക്കില്‍ എല്‍.ഇ.ഡി. ലൈറ്റ് സപ്ലൈ ചെയ്യാന്‍ KEL എന്ന സ്ഥാപനം തയ്യാറായിരുന്നു എന്നാണ് ആരോപണമുന്നയിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 18.01.2019-ലെ 91/2019-ാം നമ്ബര്‍ ഉത്തരവ് അനുസരിച്ച് KEL എന്നത് ഇലക്ട്രോ മെക്കാനിക്കല്‍ പ്രവൃത്തികളുടെ പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് ആയതിനാല്‍ KEL നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള അംഗീകൃത ഏജന്‍സിയായി അനുമതി നല്‍കിയിരുന്നു.ടി ഉത്തരവില്‍ KEL ല്‍നിന്നും എല്‍.ഇ.ഡി ലൈറ്റ് ടെണ്ടര്‍ കൂടാതെ നേരിട്ട് വാങ്ങാനുള്ള അനുമതി നല്കിയിട്ടില്ലായെന്നത് ആരോപണം ഉന്നയിക്കുന്നവര്‍ ബോധപൂര്‍വ്വം മറച്ചുവയ്ക്കുന്നത് നഗരസഭയ്ക്കെതിരെ പുകമറ സൃഷ്ടിക്കാനാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണ സമിതി അധികാരമേറ്റയുടന്‍ തന്നെ നഗരത്തിലെ തെരുവ് വിളക്കുകള്‍ കത്തിക്കുന്നതിനുള്ള നടപടിയാണ് ആദ്യം ഏറ്റെടുത്ത പ്രവൃത്തികളിലൊന്ന്.അടിയന്തിര സാഹചര്യത്തില്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തില്‍നിന്നും സര്‍ക്കാറിന്റെ നിലവിലെ ഉത്തരവുകള്‍ അനുസരിച്ച് തന്നെയാണ് വാങ്ങല്‍ നടപടികള്‍ നടത്തിയിട്ടുള്ളത്.നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഉടനടി വരാന്‍ സാധ്യതയുണ്ടായിരുന്നതിനാല്‍ വിപണിയില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ച് തെരുവ് വിളക്ക് വാങ്ങിക്കുവാനും സാധ്യമായിരുന്നില്ല.
പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നും എല്‍.ഇ.ഡി വിളക്ക് വാങ്ങുന്നതിന് ചെലവാക്കിയ തുക ടി സ്ഥാപനത്തിന്റെ അക്കൗണ്ടിലേയ്ക്കാണ് നല്‍കുന്നത് എന്നുമാത്രമല്ല പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭവിഹിതം സര്‍ക്കാറിന് നല്‍കുക കൂടി ചെയ്യുകയാണ് എന്നിരിക്കെ ഇക്കാര്യത്തില്‍ അഴിമതി ആരോപിക്കുന്നത് വിരോധാഭാസമാണ്.പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തോടൊപ്പമാണ് നഗരസഭ. അതുകൊണ്ട് കൂടിയാണ് ഒരു പൊതുമേഖലാ സ്ഥാപനത്തില്‍നിന്നും സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് നഗരത്തിലെ ജനങ്ങള്‍ക്ക് വെളിച്ചമെത്തിക്കുന്ന നടപടികളുമായി നഗരസഭ മുന്നോട്ടുപോയത്.
പൊതുമേഖലാ സ്ഥാപങ്ങളെ വിറ്റ് തുലയ്ക്കുന്ന നയത്തിന് ഖോ ഖോ വിളിക്കുന്നവര്‍ക്ക് വിഷമമുണ്ടാകും. ആഴ്ചയില്‍ ഒന്ന് വീതം ആരോപണം ഉന്നയിച്ച് നഗരത്തിന്റെ വികസനകാര്യങ്ങളില്‍ നിന്ന് ഭരണസമിതിയുടെ ശ്രദ്ധതിരിച്ച് തലസ്ഥാന നഗരവികസനം അട്ടിമറിക്കാനും അതുവഴി രാഷ്ട്രീയ നേട്ടം കൊയ്തുകളയാം എന്നുമാണ് ചിലരുടെ സ്വപനം.അത് സ്വപ്നമായി തന്നെ അവശേഷിക്കുമെന്നാണ് വ്യക്തമാക്കാനുള്ളത്.
പതിനൊന്നും പതിനെട്ടും അടവുകള്‍ ആകാവുന്ന വിധമെല്ലാം പയറ്റിയിട്ടും മുന്‍പേ ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നില്‍ പോലും ആരോപണം തെളിയിക്കാന്‍ കഴിയാത്തതിന്റെ ജാള്യതയും നിരാശയും മനസ്സിലാവുന്നുണ്ട്.അത് മറച്ച് പിടിക്കാന്‍ ഈ നഗരത്തിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന രാഷ്ട്രീയക്കളിയല്ല നടത്തേണ്ടത്. നഗരസഭാ ഭരണം സുതാര്യമായും അഴിമതിരഹിതമായും മുന്നോട്ട് പോകും.അടവുകളും തന്ത്രങ്ങളുമായി ഇനിയും സ്വാഗതം. ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാനും വികസനവിരുദ്ധരെ തുറന്ന് കാട്ടാനുമുള്ള അവസരമായുമായാണ് ഇതിനെ കാണുന്നത്.
10-Nov-2021
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ