ഹലാല്‍ വിഷയത്തില്‍ ബിജെപിക്ക് വ്യക്തമായ ഒരു നിലപാടില്ല: കോടിയേരി ബാലകൃഷ്ണൻ

കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള ആര്‍എസ്എസിന്റെ ശ്രമമാണ് ഹലാല്‍ വിവാദമെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഇത്തരം നീക്കങ്ങള്‍ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു. മതപരമായി ചേരിതിരിക്കാനുള്ള പ്രചാരണങ്ങള്‍ ബിജെപി മറ്റ് സംസ്ഥാനങ്ങളില്‍ നടത്താറുണ്ട്. കേരളത്തിലത് അത്രത്തോളം വന്നിരുന്നില്ല.

എന്നാല്‍ ഇപ്പോൾ കേരളത്തിലും അത്തരം പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചെന്നാണ് ഇത് കാണിക്കുന്നത്. പൊതുസമൂഹം അതിനെതിരാണെന്ന് കണ്ടപ്പോള്‍ സംസ്ഥാന നേതൃത്വം അതിനെ തള്ളിക്കളഞ്ഞു.
ഇതുപോലുള്ള കാര്യങ്ങള്‍ക്ക് പ്രോത്സാഹനം കൊടുക്കുന്ന നിലപാട് ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ല. അത് കേരളീയ സമൂഹത്തില്‍ മതമൈത്രി തകരുന്നതിന് കാരണമായേക്കും.

കേരളം വ്യത്യസ്ഥത പുലര്‍ത്തുന്ന ഒരു സംസ്ഥാനമാണ്. മതമൈത്രി തകര്‍ക്കാനുള്ള നീക്കത്തെ കേരളസമൂഹം അംഗീകരിക്കുമെന്ന് താൻ കരുതുന്നില്ലെന്നും ഹലാല്‍ വിഷയത്തില്‍ ബിജെപിക്ക് വ്യക്തമായ ഒരു നിലപാടില്ലെന്നും കോടിയേരി പറഞ്ഞു.

22-Nov-2021