സംസ്ഥാന സർക്കാർ ഉദ്യോഗ കയറ്റത്തിനുള്ള മാനദണ്ഡം പരിഷ്‌ക്കരിക്കുന്നു
അഡ്മിൻ
ജീവനക്കാരെ തൊഴില്‍ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌ക്കരിക്കാന്‍ ഒരുങ്ങി സംസ്ഥാനം. തൊഴിലിന്റെ സ്വഭാവം അനുസരിച്ച് ആറു തട്ടിലാക്കാനുള്ള ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചു. ഭരണപരിഷ്‌കാരം, ധനകാര്യം, ആസൂത്രണം എന്നീ വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരുമായി കൂടിയാലോചിച്ച് പ്രായോഗികത അറിയിക്കാന്‍ മന്ത്രി സഭായോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
സര്‍ക്കാര്‍ ജീവനക്കാരെ ഇതുവരെ ശമ്പള സ്‌കെയിലിന്റെ അടിസ്ഥാനത്തിലാണ് വിഭജിച്ചിരുന്നത്. കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ജീവനക്കാര്‍ക്കെല്ലാം പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ വിഭജനം. കേന്ദ്ര സര്‍ക്കാരിന്റേതിനു സമാനമായി സംസ്ഥാനത്തും ഉത്തരവാദിത്വ ഭരണ പരിശീലനം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശ അനുസരിച്ചാണിത്.
നിയമന ശുപാര്‍ശ ലഭിച്ച ഉടന്‍ ജോലിയില്‍ കയറുന്നു. പ്രാഥമിക പരിശീലനം പോലും ലഭിക്കുന്നില്ല. പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് പലപ്പോഴും പരിശീലനം നല്‍കുന്നത്. അവരുടെ രീതികളാണ് സ്വാധീനിക്കുന്നതും. ഈ സമ്പ്രദായം മാറ്റുകയാണ് പ്രധാന ലക്ഷ്യം. പരിശീലനത്തിലും പരീക്ഷയിലും വിജയിക്കുന്നവര്‍ക്കായിരിക്കും ഉദ്യോഗക്കയറ്റം.
അഞ്ചോ അതിലധികമോ ഗ്രേഡ് നേടാത്തവര്‍ക്ക് മികവ് ആര്‍ജിക്കുന്നതുവരെ തുടര്‍ പരിശീലനം നല്‍കും. അതേസമയം പരിശീലകരുടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ല. അതത് മേഖലകളില്‍ സര്‍ക്കാരിനു പുറത്തുള്ള പ്രഗല്‍ഭരെ നിയോഗിക്കും. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ കീഴില്‍ പ്രത്യേക പരിശീലന വിഭാഗം രൂപവല്‍ക്കരിക്കും. കൂടാതെ ഓണ്‍ലൈന്‍ പോര്‍ട്ടലും ആരംഭിക്കും.
ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയവരെ മാത്രമേ ഗസറ്റഡ് തസ്തികയിലേക്ക് പരിഗണിക്കൂ. രണ്ടാംഘട്ട പരിശീലനം പൂര്‍ത്തിയാക്കിയവരെ മധ്യ മാനേജ്‌മെന്റ് തലത്തിലേക്കും സ്ഥാനക്കയറ്റത്തിന് പരിഗണിക്കും. ഗസറ്റഡ്, മധ്യ മാനേജ്‌മെന്റ് തലത്തിലേക്ക് നേരിട്ട് നിയമിതരായവര്‍ക്ക് പ്രാരംഭം മുതല്‍ അതത് ഘട്ടത്തിലുള്ള പരിശീലനം ഒരുമിച്ച് നല്‍കും.