കര്‍ഷക സമരത്തെ വിജയിപ്പിച്ചത് കര്‍ഷകനെന്ന വര്‍ഗബോധം: കെകെ രാഗേഷ്

ജനങ്ങള്‍ ഐക്യപെട്ടു നിന്നാല്‍ ഒരു ശക്തിക്കും അവരെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നും, ആ ഐക്യം വര്‍ഗപരമായ ഐക്യമാണെങ്കില്‍ ഒരു ശക്തിക്കും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ സാധിക്കില്ലെന്നും ഉള്ളതിന്റെ ഉത്തമോദാഹരണമാണ് കര്‍ഷകസമരമെന്നും സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗവും, അഖിലേന്ത്യാ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറിയുമായ കെ.കെ. രാഗേഷ് .

ജാതി മത ദേശ വ്യത്യാസങ്ങളില്ലാതെ കര്‍ഷകനെന്ന വര്‍ഗബോധത്തിന്റെ അടിസ്ഥാനത്തില്‍ ഉറച്ചുനിന്നതാണ് കര്‍ഷക സമരം വിജയം കണ്ടത് എന്നും,വര്‍ഗബോധത്തില്‍ അടിയുറച്ചുനിന്നാല്‍ വര്‍ഗീയതയെ ഇല്ലാതാക്കാം എന്നതിന്റെ അനുഭവ സാക്ഷ്യം കൂടിയാണ് കര്‍ഷക സമരമെന്നും രാഗേഷ് അഭിപ്രായപ്പെട്ടു.

രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ കര്‍ഷകരെയും ഉപഭോക്താക്കളെയും ഒരു പോലെ ചൂഷണം ചെയ്യാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവസരം ഒരുക്കുകയായിരുന്നു കാര്‍ഷിക നിയമങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം എന്നും ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ജനാധിപത്യത്തെ അട്ടിമറിച്ചു കൊണ്ടാണ് ഈ നിയമങ്ങള്‍ പാസാക്കിയത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ രചന സംഘടിപ്പിച്ച "കര്‍ഷകസമരം അനുഭവം സാക്ഷ്യം" എന്ന പരിപാടിയില്‍, കര്‍ഷക സമരഭൂമിയിലെ സമരാനുഭവങ്ങള്‍ പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

22-Nov-2021