കുഞ്ഞിന്റെ അവകാശങ്ങൾക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നത്: വീണ ജോർജ്

ദത്ത് വിവാദത്തിൽ കുഞ്ഞിന്റെ അവകാശങ്ങൾക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ശിശുക്ഷേമ സമിതിക്ക് ദത്ത് നൽകാനുള്ള കാലാവധി അവസാനിച്ചു എന്ന വാർത്ത തെറ്റാണെന്നും ഇങ്ങനെയൊരു പ്രചാരണത്തെ പറ്റി തനിക്ക് അറിയില്ലെന്നും മന്ത്രി അറിയിച്ചു.

2015 ലെ കേന്ദ്ര നിയമം, 2017 ലെ അഡോപ്ഷൻ റെഗുലേറ്ററി നിയമം എന്നിവ പ്രകാരം ശിശു ക്ഷേമ സമിതികൾക്ക് ഒരു ലൈസൻസ് മതി. നിലവിലെ സിമിതിക്ക് അടുത്ത വർഷം ഡിസംബർ വരെ കാലാവധി ഉണ്ടെന്നും വീണ ജോർജ് വ്യക്തമാക്കി.

കുഞ്ഞിന്റെ ഡി.എൻ.എ സാമ്പിളിന്റെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. ആന്ധ്രയിൽ ടെസ്റ്റ് നടത്താതിരുന്നത് സുതാര്യത ഉറപ്പ് വരുത്താനാണെന്നും മന്ത്രി പറഞ്ഞു. അനുപമയാണ് കുഞ്ഞിന്റെ അമ്മയെങ്കിൽ അവർക്ക് വേഗം കുഞ്ഞിനെ ലഭിക്കട്ടെയെന്നും വീണ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ആന്ധ്രയിലെ വിജയവാഡയിൽ നിന്നും കുഞ്ഞിനെ കേരളത്തിലെത്തിച്ചത്.

23-Nov-2021