കെ.പി.എ.സി ലളിതയ്ക്ക് ചികിത്സാ സഹായം; കോണ്‍ഗ്രസില്‍ ഭിന്നത

മുതിര്‍ന്ന നടി കെ.പി.എ.സി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സാ സഹായമനുവദിച്ചതില്‍ കോണ്‍ഗ്രസില്‍ ഭിന്നത. സഹായമനുവദിച്ചതിനെ അനുകൂലിച്ച് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് പി.ടി തോമസ് രംഗത്തെത്തിയപ്പോള്‍ രാഷ്ട്രീയചായ്വ് നോക്കിയാണ് സര്‍ക്കാര്‍ സഹായമെന്ന് വിമര്‍ശിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രനും ഫേസ്ബുക്ക് പോസ്റ്റിട്ടു.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ചികിത്സയില്‍ കഴിയുന്ന നടി കെ.പി.എ.സി ലളിതയ്ക്ക് സഹായമനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ വിഷയത്തില്‍ ചര്‍ച്ച സജീവമായതോടെ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നു. ഇതിനെതിരായിരുന്നു പി.ടി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരളത്തിനുണ്ടെന്നും ആക്ഷേപിക്കുന്നവർ പിന്നീട് ദുഖിക്കേണ്ടി വരുമെന്നായിരുന്നു പോസ്റ്റ്. പോസ്റ്റിലെ കമന്റുകളിൽ ഭൂരിപക്ഷവും പി ടി തോമസിനെതിരായ കോൺഗ്രസ് അനുകൂലികളുടെ  പ്രതികരണങ്ങൾക്കാണ്. പലതും കടുത്ത ഭാഷയിലും ഉള്ളതാണ്. പിന്നാലെയാണ് കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ പിടിയെ തള്ളി പോസ്റ്റിട്ടത്. അർഹതയുള്ളവരെ പരിഗണിക്കാതെ രാഷ്ട്രീയ ചായ്വ് മാത്രം നോക്കിയാണ് സഹായമെന്നതാണ് പോസ്റ്റിലെ ഉള്ളടക്കം.

23-Nov-2021