പ്ലസ് ടു കോഴ: കെപിഎ മജീദ്‌ എംഎൽഎയെ ചോദ്യം ചെയ്തു

മുൻ എംഎൽഎ കെ.എം ഷാജിയുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനകേസിൽ കെ.പി.എ മജീദ് എംഎൽഎയെ ചോദ്യം ചെയ്തു. കണ്ണൂരിൽ നിന്നുള്ള വിജിലൻസ് സംഘമാണ് ചോദ്യം ചെയ്തത്. കോഴിക്കോട് പൊലീസ് ക്ലബ്ബിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.

എന്നാൽ ചോദ്യം ചെയ്യലായിരുന്നില്ല എന്നായിരുന്നു കെ.പി.എ മജീദിന്റെ പ്രതികരണം. 2014ൽ യുഡിഎഫിന്റെ ഭരണകാലത്ത് അഴിക്കോട് സ്കൂളിൽ പ്ലസ് ടു ബാച്ചുകൾ അനുവദിക്കാൻ അന്ന് എംഎൽഎ ആയിരുന്ന കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങി എന്നതാണ് കേസ്.

സംഭവം നടക്കുന്ന സമയത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആയിരുന്നു കെ.പി.എ മജീദ്. അതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഏകദേശം ഒന്നരമണിക്കൂറാണ് ചോദ്യം ചെയ്തത്. വിജിലൻസ് എസ്പിയുടെ നേതൃത്വത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്ററും സംഭവത്തിൽ കെ,എം ഷാജിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.

23-Nov-2021