ആരോഗ്യനിലയിൽ പുരോഗതി; കെപിഎസി ലളിത ആശുപത്രി വിട്ടു

ഗുരുതര കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കെപിഎസി ലളിത ആശുപത്രി വിട്ടു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്ന നടിയെ ഇന്നലെ വാർഡിലേക്ക് മാറ്റിയിരുന്നു.

തുടർന്ന് ഇന്നാണ് ഡിസ്ച്ചാർജ് നൽകിയത്.തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നടിയുടെ ചികിൽസാ ചെലവുകൾ വഹിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് നിരവധി വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു.

ഇക്കാര്യത്തിൽ കോൺഗ്രസിലെ ഒരു വിഭാഗം ഇതിനെതിരെ ശക്തമായി രംഗത്തുവന്നു. എന്നാൽ, നടിയും കേരള സംഗീതനാടക അക്കാദമി ചെയർപഴ്സനുമായ കെപിഎസി ലളിതയ്ക്ക് ചികിത്സാ സഹായം നൽകുന്നത് അവർ ആവശ്യപ്പെട്ടത് പ്രകാരമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ വിശദീകരിച്ചിരുന്നു.

24-Nov-2021