കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം 5 കോടി കടന്നു

കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം 5 കോടി കടന്നു. ഒന്നര വർഷത്തിനുശേഷമാണ് പ്രതിദിന വരുമാനത്തിൽ ഇത്രയധികം വർധനവുണ്ടാകുന്നത്. അതേസമയം കെഎസ്ആർടിസിയുടെ പ്രതിമാസ വരുമാനം നൂറുകോടി കടന്നു. ഒക്ടോബർ മാസത്തെ കെഎസ്ആർടിസിയുടെ വരുമാനം 113.77 കോടിയാണ്.

106.25കോടി രൂപ ഓപ്പറേറ്റിംഗ് വിഭാഗത്തിൽ നിന്ന് ലഭിച്ചു. 4.40 കോടി രൂപയാണ് നോൺ ഓപ്പറേറ്റിംഗ് വിഭാഗത്തിൽ നിന്നും ലഭിച്ചത്. ജീവനക്കാർക്കുവേണ്ടി ഒക്ടോബർ മാസം മാത്രം 94.25 കോടി രൂപ വിതരണം ചെയ്തു. കൊവിഡ് രണ്ടാം തരംഗത്തിനുശേഷം ഇതാദ്യമായാണ് പ്രതിമാസ വരുമാനം 100 കോടി കടക്കുന്നത്.
തിങ്കളാഴ്ച 5.28 കോടി രൂപയാണ് കെഎസ്ആർടിസിയുടെ വരുമാനം.

ശബരിമല സർവീസ് ഉൾപ്പെടെ നിലവിൽ 3445 ബസുകളാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. പമ്പയിലേക്ക് നടത്തിയ 66 സ്‌പെഷ്യൽ സർവീസുകളിൽ നിന്ന് 6,51,495 രൂപ വരുമാനം ലഭിച്ചു. 2020 മാർച്ചിനുശേഷം ആദ്യമായാണ് കെഎസ്ആർടിസിയുടെ ഒരു ദിവസത്തെ വരുമാനം അഞ്ചുകോടി കടന്നത്. അന്ന് 4572 ബസുകൾ സർവീസ് നടത്തിയപ്പോഴാണ് അഞ്ചുകോടിക്കടുത്ത് വരുമാനം ലഭിച്ചത്.

24-Nov-2021