ജോലി സമയങ്ങളില്‍ പോലീസ് നിര്‍ബന്ധമായും യൂണിഫോം ധരിക്കണം
അഡ്മിൻ
ജോലി സമയങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും യൂണിഫോം ധരിക്കണമെന്ന് കേരളാ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട കോടതി, നാല് മാസത്തിനകം വിഷയത്തിന്മേല് സ്വീകരിച്ച നടപടിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു.
വാഹന പരിശോധനയ്ക്കിടെ പൊലീസ് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് തൃശൂര്‍ സ്വദേശിക്കെതിരെ എടുത്ത കേസ് റദ്ദാക്കിയാണ് കോടതിയുടെ ഉത്തരവ്. 2014 ല്‍ ഗുരുവായൂര്‍ പൊലീസാണ് തൃശൂര്‍ പൂവത്തൂര്‍ സ്വദേശി അവിനാശിനെതിരെ കേസ് എടുത്തത്.
വാഹന പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. യൂണിഫോം ധരിക്കാതെ എത്തിയ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു വാഹന പരിശോധന നടത്തിയത്. യൂണിഫോം ഇല്ലാത്തതിനാല്‍ പൊലീസ് ആണെന്നറിയാതെ കാര്‍ യാത്രക്കാരന് ഉദ്യോഗസ്ഥനുമായി തര്‍ക്കത്തിലായി. ഇതോടെ പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് കേസ് എടുക്കുകയായിരുന്നു.
ഉദ്യോഗസ്ഥന് യൂണിഫോം ധരിക്കാതിരുന്നതിനാല്‍ പൊലീസ് ആണെന്ന് മനസിലായിരുന്നില്ലെന്നും അതില്‍ കേസ് റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.