മുസ്ലിം ലീഗാണ് കേരളത്തില്‍ ആര്‍എസ്എസിന് വഴിയൊരുക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

മുസ്ലിം ലീഗാണ് കേരളത്തില്‍ ആര്‍എസ്എസിന് വഴിയൊരുക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലീഗിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുമ്മനം പ്രതികരിച്ചത് ഇതുകൊണ്ടാണ്. ലീഗും ബിജെപി യും തമ്മില്‍ രൂപപ്പെട്ടു വരുന്ന ധാരണയുടെ ഭാഗമാണ് ഇതെന്നും കോടിയേരി പറഞ്ഞു.

സിപിഐഎം കണ്ണൂര്‍ ജില്ല സമ്മേളനത്തിന്റെ സമാപന പൊതു സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. ”കേരളത്തില്‍ ഇടതു വിരുദ്ധ സഖ്യം രൂപീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വഖഫിന്റെ പേര് പറഞ്ഞു മതം അപകടത്തില്‍ എന്ന പ്രചരണം നടത്തുകയാണ് ലീഗ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ലീഗ് ആണ്. അവരാണ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത്.” കോടിയേരി പറഞ്ഞു.

റിയാസും വീണയും തമ്മില്‍ നടന്നത് നിയമനുസൃത വിവാഹമാണ്. ബോധപൂര്‍വ്വമാണ് അതേ കുറിച്ച് ലീഗ് നേതാവ് വ്യഭിചാരം എന്ന് വിശേഷിപ്പിച്ചത്. സകല തെറിയും പറഞ്ഞ ശേഷം പിറ്റേന്ന് ക്ഷമ പറയുന്നതില്‍ അര്‍ത്ഥമില്ല. വേദിയില്‍ ഇരുന്ന കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ ഈ പ്രസംഗത്തെ തടഞ്ഞില്ല. ഈ നേതാക്കളുടെ ചരിത്രം ഒക്കെ നമുക്ക് അറിയാം. പക്ഷെ, അതൊന്നും നമ്മള്‍ വിളിച്ച് പറയുന്നില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

13-Dec-2021