മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണ നിരോധനം; അപ്പീൽ തള്ളി ഹൈക്കോടതി
അഡ്മിൻ
മീഡിയവൺ ചാനലിനെതിരായുള്ള കേന്ദ്ര നടപടിക്കെതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തള്ളി. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി ശരിവച്ച സിംഗിൾ ജഡ്ജി ഉത്തരവിനെതിരെ, ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരള പത്രപ്രവർത്തക യൂണിയനുമടക്കമുള്ളവര്‍ നൽകിയ അപ്പീലാണ് കേരള ഹൈക്കോടതി ബുധനാഴ്ച തള്ളിയത്.
കൂടാതെ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ശരിവച്ചു. ഇതിനെ തുടർന്ന് വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് മീഡിയവൺ മാനേജ്‌മെന്‍റ് അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് വിലക്കേർപ്പെടുത്തിയിരുന്നത്. മുദ്രവച്ച കവറിലാണ് മന്ത്രാലയം വിവരങ്ങൾ സിംഗിൾ ബെഞ്ചിന് മുമ്പാകെ കൈമാറിയിരുന്നത്. ജനുവരി 31 ന്, സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ചാനലിന്റെ സംപ്രേക്ഷണം മന്ത്രാലയം താൽക്കാലികമായി നിർത്തിവച്ചതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം മീഡിയവൺ സിംഗിൾ ജഡ്ജിയെ സമീപിച്ചിരുന്നു. ഇതേതുടർന്ന്, ഇരുപക്ഷവും ഉന്നയിച്ച പ്രാഥമിക വാദം കേട്ട ജഡ്ജി, ചാനലിന് സംപ്രേക്ഷണം ചെയ്യാൻ അനുവദിച്ചുകൊണ്ട് ഇടക്കാല ആശ്വാസം നൽകിയിരുന്നു.