വികസന നയരേഖയെക്കുറിച്ച് തെറ്റായ പ്രചാരണം നടക്കുന്നു: കോടിയേരി ബാലകൃഷ്ണന്‍

മുഖ്യമന്ത്രി പിണറായി വിജയൻ സി പി ഐ എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച വികസന നയരേഖയെക്കുറിച്ച് തെറ്റായ പ്രചാരണം നടക്കുന്നതായി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നവകേരളത്തിനായുള്ള പാർട്ടി കാഴ്ചപ്പാടാണ് വികസന നയരേഖ.
വികസന നയരേഖ പാർട്ടി നയത്തിന് എതിര് എന്നാണ് ഒരുപത്രം പ്രചരിപ്പിച്ചത്. തുടർ ഭരണം ലഭിച്ചത് ചിലർക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അവരാണ് തെറ്റായ പ്രചാരവേലക്ക് പിന്നിലെന്ന് കോടിയേരി പറഞ്ഞു.


നയരേഖ പാർട്ടി പരിപാടിക്ക് അനുസരിച്ച് തന്നെയാണ്. പാർട്ടി പരിപാടി എന്താണ് എന്ന് അറിയാത്തവരാണ് കുപ്രചരണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട മേഖലയിൽ വിദേശ നിക്ഷേപം അനുവദിക്കാം എന്ന് പാർട്ടി പരിപാടിയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടി കോൺഗ്രസിൻ്റെ കരട് പ്രമേയം ചൂണ്ടിക്കാട്ടിയാണ് ചിലർ തെറ്റായ പ്രചാരണം നടത്തുന്നത്. പാർട്ടിയുടെ കേന്ദ്രനയവും , വികസന നയരേഖയും തമ്മിൽ ഒരു വൈരുദ്ധ്യവുമില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ജനകീയജനാധിപത്യ വിപ്ലവം പൂർത്തീകരിച്ച് അധികാരത്തിൽ വരുന്ന സർക്കാർ പോലും പ്രത്യക്ഷവിദേശനിക്ഷേപം അനുവദിക്കും എന്നാണ് പറഞ്ഞിട്ടുള്ളത്. അതേസമയം, സമ്പദ്ഘടനയുടെ മൊത്തത്തിലുള്ള താത്പര്യങ്ങൾക്ക് എതിരായി വരുന്ന വിദേശനിക്ഷേപങ്ങളെ സ്വീകരിക്കുകയില്ല. ഇതും പാർട്ടിയുടെ കേന്ദ്രനേതൃത്വത്തിന്‍റെ നയവും തമ്മിൽ യാതൊരു വൈരുദ്ധ്യവുമില്ല എന്നതാണ് വാസ്തവം.

കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സ്വകാര്യ മൂലധനനിക്ഷേപം ഇപ്പോഴുമുണ്ട്. അത് തുടരും. സ്വകാര്യനിക്ഷേപം വരുമ്പോൾ പാവപ്പെട്ടവർക്ക് സംരക്ഷണം ഉറപ്പാക്കണം. തുടർഭരണം ലഭിച്ച സാഹചര്യത്തിലാണ് നയരേഖ അവതരിപ്പിക്കുന്നത്. നയരേഖ നടപ്പാക്കാൻ നിയമഭേദഗതി ആവശ്യമാണെങ്കിൽ അത് കൊണ്ടുവരും''

ജനങ്ങൾ ഏൽപിച്ച ഉത്തരവാദിത്വം ഏറ്റെടുത്തുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വികസന നയരേഖയ്ക്ക് 4 ഭാഗങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


അടുത്ത 25 വർഷം കൊണ്ട് ജനങ്ങളുടെ ജീവിതം നിലവാരം ഉയർത്തണം.ഇതിനായി ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും.ഉൽപാദനം വർദ്ധിപ്പിച്ച് നീതിയുക്തമായി വിതരണം ചെയ്യണം.വൈഞ്ജാനിക രംഗത്ത് കുതിച്ച് ചാട്ടം ഉണ്ടാകണമെന്നും അതിനായി ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

02-Mar-2022