ജനകീയാസൂത്രണത്തിന്‍റെ ദൗര്‍ബല്യങ്ങളെ പരിഹരിക്കുക; സിപിഎം സംസ്ഥാന സമ്മേളനം

ജനകീയാസൂത്രണത്തിന്‍റെ ദൗര്‍ബല്യങ്ങളെ പരിഹരിക്കുക, നേട്ടങ്ങളെ മുന്നോട്ട്കൊണ്ടുപോവുക- സിപിഐ എം സംസ്ഥാന സമ്മേളനം പുറത്തിറക്കിയ വാർത്താ കുറിപ്പ് പൂർണ്ണരൂപം:


സ്വാതന്ത്ര്യാനന്തര കേരളത്തില്‍ ഭൂപരിഷ്കരണം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരമായ ജനകീയാസൂത്രണത്തിന്‍റെ 25ാം വാര്‍ഷികം കേരളം ആചരിച്ചുകൊണ്ടിരിക്കുകയാണ്. 1938 മുതല്‍ അധികാരവികേന്ദ്രീകരണത്തിനായുള്ള വിഫലശ്രമങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് ഇ.എം.എസ് എത്തിച്ചേര്‍ന്ന നിഗമനം അധികാരവികേന്ദ്രീകരണത്തെ മുകളില്‍ നിന്നും നടപ്പാക്കുന്ന ഒരു പരിഷ്കാരമായി കണ്ടാല്‍ പോരാ എന്നതായിരുന്നു. താഴേത്തട്ടില്‍ നിന്ന് എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിക്കൊണ്ട് അധികാരവികേന്ദ്രീകരണത്തിനുള്ള പ്രാപ്തിയും ഇച്ഛയും സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. ഇതായിരുന്നു ജനകീയാസൂത്രണ പ്രസ്ഥാനത്തിന്‍റെ പശ്ചാത്തലം.

വികേന്ദ്രീകരണത്തില്‍കുതിപ്പ്

ഒമ്പതാം പദ്ധതിയുടെ 3540 ശതമാനം തുക തദ്ദേക സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കൈമാറുക മാത്രമല്ല, അവ ചെലവഴിക്കാനുള്ള പുതിയ അധികാരങ്ങളും അധികം ഉദ്യോഗസ്ഥരെയും താഴേയ്ക്കു വിന്യസിപ്പിച്ചു. ഇന്നിപ്പോള്‍ ഏകീകൃത തദ്ദേശഭരണ വകുപ്പും രൂപീകരിച്ചു. ഇതിന്‍റെ ഫലമായി അധികാരവികേന്ദ്രീകരണ കാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും പിന്നോക്കം നിന്നിരുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ കേരളം ഇന്ത്യയില്‍ ഏറ്റവും മികച്ചതായി. അധികാരവികേന്ദ്രീകരണത്തെ അളക്കുന്നതിനു രൂപം നല്‍കിയിട്ടുള്ള സമഗ്രമായ സൂചികയില്‍ അന്നു മുതല്‍ ഇന്നുവരെ കേരളമാണ് ഒന്നാംസ്ഥാനത്ത്. അഞ്ചു സര്‍ക്കാരുകളുടെ മാറ്റങ്ങള്‍ കേരളത്തില്‍ അധികാരവികേന്ദ്രീകരണം അതിജീവിച്ചുവെന്നതു ലോകത്തുതന്നെ അപൂര്‍വ്വമാണ്. ജനകീയാസൂത്രണം കക്ഷിരാഷ്ട്രീയത്തിനതീതമായി ഒരു പൊതു അവബോധം അധികാരവികേന്ദ്രീകരണത്തെ സംബന്ധിച്ചു സൃഷ്ടിച്ചതാണ് ഈ സുസ്ഥിരതയുടെ കാരണം.

ലോകബാങ്കും മറ്റും പ്രോത്സാഹിപ്പിക്കുന്ന അധികാരവികേന്ദ്രീകരണത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരുസമീപനമാണ് ജനകീയാസൂത്രണത്തിന്‍റേത്. നിയോലിബറല്‍ നയങ്ങളുടെ ഭാഗമായി അവര്‍ കൊണ്ടുവന്ന വികേന്ദ്രീകരണം ലോകത്തെമ്പാടും പാളി. ഇതിനു കടകവിരുദ്ധമാണു കേരളത്തിലെ അനുഭവം. ദേശീയ പ്രസ്ഥാനത്തിന്‍റെ പാരമ്പര്യത്തില്‍ നിന്നാണു നമ്മള്‍പ്രചോദനം ഉള്‍ക്കൊണ്ടത്. കമ്പോളത്തേക്കാള്‍ ആസൂത്രണത്തിനാണ് ഊന്നല്‍. ചുമതലയ്ക്ക് ആനുപാതികമായിമുകളില്‍ നിന്നും വിഭവങ്ങള്‍ താഴേയ്ക്കു നല്‍കി. അതിന്‍റെ അഭിമാനകരമായ നേട്ടങ്ങള്‍ 25 വര്‍ഷം പിന്നിടുമ്പോള്‍ നമുക്കുകാണാനാകും.

25 വര്‍ഷത്തിന്‍റെ നേട്ടങ്ങള്‍

ജനകീയാസൂത്രണത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ നേട്ടപ്പട്ടികയില്‍ കൂടുതല്‍ സ്ഥാനം പിടിച്ചത്റോഡ്, പാര്‍പ്പിടം, വൈദ്യുതീകരണം, കുടിവെള്ളം തുടങ്ങിയ ആസ്തികള്‍ നിര്‍മ്മിക്കുന്നതിലുണ്ടായ നേട്ടങ്ങളാണ്. റോഡുകളുടെ ദൈര്‍ഘ്യം ഇരട്ടിയിലേറെയായി. 20 ലക്ഷംവീടുകള്‍ നിര്‍മ്മിച്ചു നല്‍കി. 2011ല്‍ കേരളത്തില്‍ 77 ശതമാനം വീടുകളിലും കുടിവെള്ളവും 95 ശതമാനം വീടുകളില്‍ വൈദ്യുതിയും 96 ശതമാനം വീടുകളില്‍ കക്കൂസും ഉണ്ടായിരുന്നു. ഇന്ത്യയില്‍ ഈ തോത് യഥാക്രമം 51 ശതമാനവും 67 ശതമാനമവും 47 ശതമാനവും മാത്രമായിരുന്നു. ജനകീയാസൂത്രണത്തിനു മുമ്പ് പൊതു ആരോഗ്യസംവിധാനങ്ങള്‍ ഉപയോഗിക്കുന്ന കുടുംബങ്ങള്‍ 28 ശതമാനമായിരുന്നത് 2018ല്‍ 48 ശതമാനമായി ഉയര്‍ന്നു. കോവിഡുകാലത്ത് നമ്മുടെ കീഴ്ത്തട്ട് ആരോഗ്യ മേഖലയുടെ കരുത്ത് നമ്മള്‍ അനുഭവിച്ചറിഞ്ഞു.

പൊതുവിദ്യാഭ്യാസമേഖലയിലെ കുട്ടികളുടെ എണ്ണത്തില്‍ വിസ്മയകരമായ വര്‍ദ്ധനയുണ്ടായി. നീതി ആയോഗിന്‍റെ സ്കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ 100ല്‍ 76.6 മാര്‍ക്കോടു കൂടികേരളം ഒന്നാംസ്ഥാനത്താണ്. ഇന്ത്യയില്‍ ഏറ്റവും വേഗതയില്‍ ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്. മള്‍ട്ടി ഡയമന്‍ഷണല്‍ ദാരിദ്ര്യസൂചിക പ്രകാരം കേരളത്തില്‍ ദരിദ്രരുടെ ശതമാനം 0.75 ശതമാനം മാത്രമാണ്.

ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുക

ഉല്‍പ്പാദനമേഖലകള്‍: ഉല്‍പ്പാദനമേഖലകളില്‍ ഇനിയും വലിയ മുന്നേറ്റംകൈവരിക്കുന്നതിനു കഴിഞ്ഞിട്ടില്ല. പക്ഷെ സുഭിക്ഷകേരളം പദ്ധതി പച്ചക്കറി ഉല്‍പ്പാദനത്തിലും തരിശുരഹിത പഞ്ചായത്ത് നെല്‍ഉപ്പാദനത്തിലും ശ്രദ്ധേയമായ മുന്നേറ്റം സൃഷ്ടിച്ചിട്ടുണ്ട്. അതുപോലെതന്നെ 1000 പേര്‍ക്ക് 5വീതം തൊഴിലുകള്‍ സൃഷ്ടിക്കുന്ന സ്കീം തദ്ദേശഭരണസ്ഥാപനങ്ങളെ ചെറുകിടവ്യവസായങ്ങളുടെ കേന്ദ്രമാക്കും.
സഹകരണമേഖല: പ്രാദേശികാസൂത്രണവും സഹകരണമേഖലയുടെ വിഭവങ്ങളും സംയോജിപ്പിക്കാനായാല്‍ അത്ഭുതങ്ങള്‍സൃഷ്ടിക്കാനാവും. കാര്‍ഷിക സംസ്കരണവും തറവിലയും പ്രാവര്‍ത്തികമാക്കാന്‍ ഇതാണുമാര്‍ഗ്ഗം.

നീര്‍ത്തടാധിഷ്ഠിതആസൂത്രണം:കാര്‍ഷികമേഖലയില്‍ സംയോജിതമായ പരിപാടികള്‍ക്കു നീര്‍ത്തടാടിസ്ഥാനത്തിലുള്ള ആസൂത്രണം അനിവാര്യമാണ്. പ്രാദേശിക ദുരന്തനിവാരണ ആക്ഷന്‍ പ്ലാനിന്‍റെ നിര്‍മ്മാണവും ഇതുമായി കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ശുചിത്വ പരിപാടിയും പാരിസ്ഥിതിക സംതുലനാവസ്ഥയ്ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്താനും ഇത്തരമൊരു സമീപനം അത്യന്താപേക്ഷിതമാണ്.

ജനപങ്കാളിത്തം: ഏറ്റവും വലിയ പ്രശ്നം ജനകീയ പങ്കാളിത്തം ശോഷിക്കുന്നുവെന്നുള്ളതാണ്. ഇതിനു പരിഹാരം ഗ്രാമസഭകളുടെ ഉപഘടകങ്ങളായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെയും റെസിഡന്‍സ് അസോസിയേഷനുകളെയും വളര്‍ത്തിയെടുക്കുക എന്നുള്ളതാണ്. അതുപോലെതന്നെ പി.റ്റി.എ, ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റി, ഗുണഭോക്തൃ സമിതികള്‍, കര്‍മ്മസമിതികള്‍, മോണിറ്ററിംഗ്സമിതികള്‍, അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങി ഒട്ടേറെ സൂക്ഷ്മതലവേദികള്‍ ഉണ്ട്. അവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം.

വര്‍ഗ്ഗബഹുജന പങ്കാളിത്തം:

നമ്മുടെ വര്‍ഗ്ഗ - ബഹുജനസംഘടനകള്‍ പ്രാദേശികതലത്തില്‍ പദ്ധതിആസൂത്രണത്തിലും നിര്‍വ്വഹണത്തിലും ഫലപ്രദമായി ഇടപെടുന്നില്ലായെന്നുള്ളത് ഗൗരവമായ ഒരുദൗര്‍ബല്യമാണ്. കര്‍ഷക - കര്‍ഷകത്തൊഴിലാളി സംഘടനകള്‍ കാര്‍ഷിക മേഖലയിലെ പരിപാടികള്‍ ആവിഷ്കരിക്കുന്നതിലും നടപ്പാക്കുന്നിതിലും മുന്‍കൈയെടുക്കണം. ഇതുപോലെ ഓരോമേഖലകളിലും.
പട്ടികവിഭാഗങ്ങള്‍: പട്ടികജാതി പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ അടക്കമുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്ക് വേണ്ടത്ര ലഭിച്ചിട്ടില്ലായെന്ന വിമര്‍ശനമുണ്ട്. അതിദാരിദ്ര്യം ഒഴിവാക്കാനുള്ള ബൃഹത്തായ പരിപാടി ഈ പോരായ്മ പരിഹരിക്കാന്‍ ഉപയോഗപ്പെടുത്താനാകും. പി.കെ.എസും എ.കെ.എസും സംഘടിതമായി പദ്ധതി രൂപീകരണത്തില്‍ ഇടപെടുകയും അനുയോജ്യമായ പ്രൊജക്ടുകള്‍ ഉള്‍ക്കൊള്ളിക്കുകയും നടപ്പാക്കുകയുംചെയ്യുമെന്ന് ഉറപ്പുവരുത്തണം.

സന്നദ്ധപ്രവര്‍ത്തനവുംസംഭാവനയും: ജനകീയാസൂത്രണകാലത്ത് വളരെ വിപുലമായ തോതില്‍ സന്നദ്ധപ്രവര്‍ത്തനവും സംഭാവനയും പ്രാദേശികമായി സമാഹരിക്കപ്പെടുകയുണ്ടായി. എന്നാല്‍ ഇന്ന് ഇവ വളരെ ശുഷ്കമാണ്. ശുചീകരണത്തില്‍, പുഴവൃത്തിയാക്കുന്നതില്‍, നീര്‍ത്തട പ്രവര്‍ത്തനങ്ങളില്‍, മരം നടുന്നതില്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ അതിവിപുലമായരീതിയില്‍ സന്നദ്ധാടിസ്ഥാനത്തില്‍ ജനങ്ങളെ പങ്കാളികളാക്കണം. ന്യായമായ ഗുണഭോക്തൃവിഹിതവും ഉറപ്പുവരുത്തണം.

സംയോജിതമായ പരിപാടി:

കൂടുതല്‍ സംയോജിതമായ പരിപാടികള്‍ ചിലമേഖലകളില്‍ ആവിഷ്കരിക്കുന്നതിനുവേണ്ടിയാണ് മിഷനുകള്‍ക്കു രൂപംനല്‍കിയത്. സംയോജിത പരിപാടികള്‍ ആവിഷ്കരിക്കുന്നതിനും ദൗര്‍ബല്യങ്ങള്‍ തിരുത്തുന്നതിനും ഒരുസുപ്രധാന ഉപാധിയാണ് ജില്ലാപദ്ധതികള്‍.
അഴിമതി: വലിയതോതിലുള്ള പണമാണ് തദ്ദേശഭരണസ്ഥാപനങ്ങള്‍ ക്കുലഭിക്കുന്നത്. അതു ചെലവഴിക്കുന്നതിന് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത സ്വാതന്ത്ര്യവുമുണ്ട്. ഇതുജനോപകാരപ്രദമായരീതിയില്‍ അഴിമതിരഹിതമായി ഉപയോഗപ്പെടുത്തുന്നതിനു നമ്മുടെ നിതാന്തജാഗ്രത വേണം. സോഷ്യല്‍ ഓഡിറ്റ് പ്രാവര്‍ത്തികമാക്കണം.

സ്ത്രീ ശാക്തീകരണം:

ഇന്നു രാജ്യത്തുള്ള മൈക്രോഫിനാന്‍സ് സംവിധാനങ്ങള്‍ക്കു ബദലായിട്ടുള്ള ഒരുമാതൃകയാണ് കേരളത്തില്‍ നമ്മള്‍ ആവിഷ്കരിച്ച കുടുംബശ്രീ. കുടുംബശ്രീ ജാതിമതഭേദമന്യേയും രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായും എല്ലാകുടുംബങ്ങളും അടങ്ങുന്ന സംവിധാനമാണ്. ആ സ്വതന്ത്ര സ്വഭാവം നിലനിര്‍ത്തുമ്പോള്‍ തന്നെ നമ്മുടെ അനുഭാവികളായ സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂട്ട ഭാരവാഹികളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനു നമ്മള്‍ മുന്‍കൈയെടുക്കണം.

ഇരട്ട അംഗത്വം:

കുടുംബശ്രീ നേരിടുന്ന ഒരു പ്രധാനവെല്ലുവിളി ഇരട്ട മെമ്പര്‍ഷിപ്പാണ്. മറ്റു സമാന്തര സ്വയംസഹായസംഘങ്ങളിലും അംഗത്വമെടുക്കുന്നതിന്‍റെ ഫലമായി കടക്കെണിയില്‍ ഉള്‍പ്പെടാം. അതുപോലെ തന്നെ കുടുംബശ്രീയിലെ യുവതികളുടെ പ്രാതിനിധ്യം കുറവാണ്. ഇതിനാണ് ഓക്സിലറി ഗ്രൂപ്പുകള്‍. നിലവിലുള്ള ഒന്നോ രണ്ടോ മൂന്നോ കുടുംബശ്രീ യൂണിറ്റുകളുടെ അനുബന്ധങ്ങളായി ഓക്സിലറി ഗ്രൂപ്പുകള്‍ വിപുലമാക്കണം. സ്ത്രീകള്‍ക്കു നേരെയുള്ളഅതിക്രമങ്ങള്‍: സ്ത്രീകള്‍ക്കു നേരെയുള്ള വര്‍ദ്ധിക്കുന്ന അതിക്രമങ്ങള്‍ നമ്മുടെ നാടിനൊരു നാണക്കേടാണ്. ഇതിനുള്ള ഫലപ്രദമായ പരിഹാരമാണ് ക്രൈംമാപ്പിംഗിന്‍റെ അടിസ്ഥാനത്തില്‍ അതിക്രമങ്ങള്‍ കുറയ്ക്കാനുള്ള ബോധവല്‍ക്കരണവും പദ്ധതികളും. വനിതാ ഘടകപദ്ധതിയുടെ അടിസ്ഥാനലക്ഷ്യം ഇതാവണം.

ദുരന്തനിവാരണം:

പ്രളയം, കോവിഡ്കാലത്ത് തദ്ദേശഭരണസ്ഥാപനങ്ങള്‍ നിസ്തുലമായ സേവനങ്ങളാണ് നല്‍കിയത്. ഇങ്ങനെ ദുരന്തങ്ങള്‍ ഉണ്ടാകു മ്പോഴുള്ള ഇടപെടല്‍ കഴിവ് ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിന് പ്രധാനപ്പെട്ട ഒരു ഉപാധിയാണ് പ്രാദേശികദുരന്തനിവാരണ മാനേജ്മെന്‍റ് പ്ലാന്‍.

വയോജനങ്ങള്‍:

വയോജന അയല്‍ക്കൂട്ടങ്ങള്‍, വയോക്ലബ്ബുകള്‍, വയോജന സാങ്കേതികസേന, പാലിയേറ്റീവ്കെയര്‍ തുടങ്ങി സമഗ്രമായ പരിപാടി നടപ്പിലാക്കുന്നതിനു മുന്‍കൈയെടുക്കണം. ഇതോടൊപ്പം ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള കരുതലും ശക്തിപ്പെടുത്തണം. മുകളില്‍സൂചിപ്പിച്ച ഏതാണ്ട് എല്ലാകാര്യങ്ങളും സംസ്ഥാനസര്‍ക്കാര്‍ നയപരമായി അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതുകൊണ്ടുമാത്രം അവ നടക്കണമെന്നില്ല. അതിനുള്ള ഗ്യാരണ്ടി കീഴ്ത്തട്ടില്‍ നമ്മള്‍ ഇടപെടുക എന്നുള്ളതാണ്. അങ്ങനെ കീഴ്ത്തട്ടില്‍ ഇടപെടുന്നതിനുള്ള ജനാധിപത്യയിടം കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അധികാരവികേന്ദ്രീകരണം എല്ലാം നന്നാവുമെന്ന് ഒരുഉറപ്പും നല്‍കുന്നില്ല. എന്നാല്‍ നന്നാവണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെയാകാന്‍ ഒരു തടസ്സവുമില്ല. നന്നാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇടപെടാനും അവസരമുണ്ട്. ഇതിനായി ശക്തമായി ഇടപെട്ടുപ്രവര്‍ത്തിക്കാന്‍ സിപിഐ എം സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്യുന്നു.

03-Mar-2022