ബിപിസിഎല്‍ വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക: സിപിഎം
അഡ്മിൻ
ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് വിറ്റഴിക്കാനുള്ള തീരുമാനത്തില്‍ നിന്ന കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി പിന്മാറണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ദേശസാല്‍ക്കരിച്ചതിനു ശേഷം നാളിതുവരെ ലാഭത്തില്‍ മാത്രം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കമ്പനിയാണ് ബിപിസിഎല്‍. എണ്ണ സംസ്ക്കരണത്തിലും വിതരണത്തിലും ഇന്ത്യയില്‍ രണ്ടാംസ്ഥാനത്തു നില്ക്കുന്ന മഹാരത്ന പൊതുമേഖലാസ്ഥാപനമാണ്.
ബിപിസിഎല്ലിന്റെകഴിഞ്ഞ 5 വര്‍ഷത്തെ ലാഭം 57996.04 കോടി രൂപയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞ നല്കിയ ലാഭവിഹിതം 16677.06 കോടിരൂപയുമാണ്. ഏഴ് രാജ്യങ്ങളിലായി എണ്ണ ഖനന നിക്ഷേപവുമുള്ള ബിപിസിഎല്‍ വര്‍ഷങ്ങളായി ഫോര്‍ച്യൂണ്‍ 500 ലിസിറ്റില്‍ ഉള്‍പ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ വ്യവസായസ്ഥാപനമാണ്. രാജ്യത്തിനകത്തും പുറത്തും വിപുലമായികിടക്കുന്ന ഭാരത് പെട്രോളിയത്തിന്റെ ആസ്തി പത്തുലക്ഷം കോടിയിലധികം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ബ്രാന്‍ഡ് മൂല്യം കൂടി ചേര്‍ത്താല്‍ ആസ്തി പിന്നെയും ഉയരും. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ 52.98 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് 2019 നവംമ്പര്‍ 20 - ന് ചേര്‍ന്ന ക്യാമ്പിനറ്റ് കമ്മറ്റി ഓണ്‍ എക്കണോമിക് അഫയേഴ്സ് തീരുമാനിച്ചത്. ഇപ്പോഴത്തെ നില വച്ച് 10 ലക്ഷം കോടിരൂപയുടെ പൊതുസമ്പത്ത പത്തിലൊന്ന് തുക പോലും ലഭിക്കാതെ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറ്റം ചെയ്യുകയാണ്. സ്വകാര്യ എണ്ണ കമ്പനികളുടെ കടന്നുവരവോടെ അവരുടെ സമ്മര്‍ദ്ദത്തിന് വിധേയമായാണ് പെട്രോളിയം ഉല്പന്നങ്ങളുടെ വില നിര്‍ണ്ണയവകാശം പെട്രോളിയം കമ്പനികള്‍ക്ക് നല്‍കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈകൊണ്ടത്. ഇതിന്റെ ഭാഗമായിട്ടാണ് 2010 - ല്‍ രണ്ടാം ഡജഅ സര്‍ക്കാര്‍ പെട്രോള്‍ സബ്സിഡിയും, 2014 - ല്‍ മോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഡീസല്‍ സബ്സിഡിയും പിന്‍വലിച്ചത്. ഭീമമായവില വര്‍ദ്ധനവ് സൃഷ്ടിക്കുന്ന നടപടിയാണ് സ്വകാര്യവല്‍ക്കരണം നല്‍കിയതെന്ന് ജനങ്ങളുടെ അനുഭവമാണ്.
എണ്ണ മേഖലയിലേക്കുള്ള സ്വകാര്യ കമ്പനികളുടെ കടന്നുവരവ് പെട്രോള്‍, ഡീസല്‍ സബ്സിഡി ഇല്ലാതാക്കി. പെട്രോളിയം കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി പാചകവാതക സബ്സിഡിയും പിന്‍വലിക്കപ്പെട്ടിരിക്കുന്നു.
സ്വകാര്യവല്‍ക്കരണവും കുത്തകവല്ക്കരണവും ജനതാല്പര്യത്തിന് വിരുദ്ധമാണെന്ന് ഇതിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ബിപിസിഎല്ലിന്റെ ഭാഗമായ കൊച്ചി റിഫൈനറി കേരളത്തിലെ ഏറ്റവും വലിയ വ്യവസായ നിക്ഷേപമാണ്. 35000 കോടിരൂപയുടെ വികസന പദ്ധതികളാണ് കഴിഞ്ഞ പത്തു വര്‍ഷക്കാലയളവിനുള്ളില്‍ കൊച്ചി റിഫൈനറിയില്‍ സമയബദ്ധിതമായി പൂര്‍ത്തിയാക്കപ്പെട്ടത്. സ്ഥലം ഏറ്റെടുത്തു നല്‍കിയും, നികുതി ഇളവുകള്‍ നല്‍കിയും, വെള്ളവും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയും കേരളസര്‍ക്കാര്‍ ഈ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വളരെയേറെ പിന്തുണച്ചിട്ടുണ്ട്.
ബിപിസിഎല്‍ വില്പനയെ സംബന്ധിച്ചോ, പദ്ധതികള്‍ നിറുത്തലാക്കുന്നതിനെക്കുറിച്ചോയാതൊരുവിധ ചര്‍ച്ചയും, സഹായങ്ങള്‍ നല്കിയ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രസര്‍ക്കാരോ, ബിപിസിഎല്‍ മാനേജ്മെന്റോ നടത്തിയിട്ടില്ല. മാത്രവുമല്ല ബിപിസിഎല്‍ വില്പന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിനോ, കേരള നിയമസഭ ഐക്യകണ്ഠേന പാസ്സാക്കി കേന്ദ്ര സര്‍ക്കാരിന് നല്കിയ പ്രമേയത്തിനോ യാതൊരു മറുപടിയും ഇതുവരെ നല്‍കിയിട്ടുമില്ല.
ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണം പ്രഖ്യാപിച്ചതോടെ കൊച്ചി റിഫൈനറിയിലെ തുടര്‍വികസന പദ്ധതികളും ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ നടപ്പാക്കേണ്ടിയിരുന്ന 11130 കോടിരൂപയുടെ നിക്ഷേപം ഉപേക്ഷിക്കപ്പെടുന്നത് ഗൗരവമായ വികസന വിരുദ്ധ നടപടിയായി മാത്രമേ കാണാന്‍ കഴിയൂ. പോളിയോള്‍ പദ്ധതി ഉപേക്ഷിക്കപ്പെട്ടത് കേരളത്തിന്റെ സ്വപ്ന വികസന പദ്ധതിയായ പെട്രോകെമിക്കല്‍ പാര്‍ക്കിന്റെ സാധ്യതയേയും പ്രതികൂലമായി ബാധിക്കും.
കേരളത്തില്‍ പ്രധാനമന്ത്രി തന്നെ തറക്കല്ലിട്ട രണ്ട് പദ്ധതികളാണ് ബി.പി.സി.എല്‍ വില്പനയുടെ ഭാഗമായി ഉപേക്ഷിക്കപ്പെട്ടിട്ടുള്ളത്. സ്വകാര്യ വല്‍ക്കരണ നടപടികള്‍ ആരംഭിച്ചതോടെ ബി.പി.സി.എല്ലിലെ നിയമനങ്ങളെല്ലാം മരവിപ്പിച്ചു. മാത്രവുമല്ല 2019 - ല്‍ 11894 ജീവനക്കാരുണ്ടായിരുന്ന ബിപിസിഎല്ലില്‍ ഇന്നുള്ളത് 9368 ജീവനക്കാരാണ്. മൂന്ന്വര്‍ഷം കൊണ്ട് 2526 ജീവനക്കാരുടെ എണ്ണം കുറച്ചിരിക്കുന്നു.
സ്വകാര്യവല്‍ക്കരണം തൊഴില്‍ സാധ്യതകള്‍ ഇല്ലാതാക്കുമ്പോള്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുന്നത് സാമൂഹ്യപരമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ്. നാടിന്റെ പൊതുവായ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നടപടികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
04-Mar-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ