ഭരണഘടനാ സ്ഥാപനങ്ങളിലേക്കുള്ള സംഘപരിവാര്‍ കടന്നുകയറ്റത്തിനെതിരെ അണിനിരക്കുക: സിപിഎം

വിദ്യാഭ്യാസമേഖലയുടെ കാവിവല്‍ക്കരണത്തിനും ദേശീയ അക്കാദമിക് സ്ഥാപനങ്ങളിലേക്കും ഭരണഘടനാ സ്ഥാപനങ്ങളിലേക്കുമുള്ള സംഘപരിവാര്‍ അധിനിവേശത്തിനും എതിരെ അണിനിരക്കണമെന്ന് ഈ സമ്മേളനം അഭ്യര്‍ത്ഥിച്ചു.

വിദ്യാഭ്യാസമേഖലയെ തങ്ങളുടെ പ്രത്യയശാസ്ത്ര പ്രബോധനത്തിനുള്ള വേദികളാക്കി അധ:പതിപ്പിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് രാജ്യം ഭരിക്കുന്ന ഹിന്ദുത്വ വാദികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കടുത്ത വര്‍ഗീയവല്‍ക്കരണവും കേന്ദ്രീകരണവും വാണിജ്യ വല്‍ക്കരണവും ലക്ഷ്യംവെക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസനയം അടിച്ചേല്‍പ്പിക്കുന്നത്.

പ്രീ പ്രൈമറി തലം തൊട്ട് സര്‍വ്വകലാശാലവിദ്യാഭ്യാസം വരെ തങ്ങളുടെ കോര്‍പ്പറേറ്റ് ഹിന്ദുത്വ അമിതാധികാര താല്‍പര്യക്കനുസൃതമായ രീതിയില്‍ മാറ്റിയെടുക്കുകയാണവര്‍. കണ്‍കറന്‍റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസ സംവിധാനത്തിന്‍റെ മേലിലാണ് ഇത്തരം കടന്നുകയറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ നിന്നുള്ള പിന്മാറ്റമാണ് പുതിയ വിദ്യാഭ്യാസ നയത്തിലുള്ളത്. ഇവ വിദ്യാഭ്യാസത്തെ കച്ചവടല്‍ക്കരിക്കുന്ന സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്. അക്കാദമിക് ഘടന തീരുമാനിക്കാനുള്ള അവകാശം പോലും സംസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെടുന്ന നിലയാണ് ഇതിലുള്ളത്. പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാതെയാണ് ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. വൈവിധ്യങ്ങളാല്‍ സമ്പന്നമായ രാജ്യത്ത് എല്ലാം കേന്ദ്രീകരിക്കുന്നത് ഭരണഘടനയുടെ സത്തയ്ക്ക് എതിരാണ്.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണ കാര്യത്തിലും സംസ്ഥാന സവിശേഷതകള്‍ അവഗണിക്കുന്ന കാഴ്ചപ്പാടാണ് ഇതില്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഈ രംഗത്ത് നിലനില്‍ക്കുന്ന ജനാധിപത്യപരമായ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുന്ന അവസ്ഥ ഇത് സൃഷ്ടിക്കുമെന്ന ആശങ്ക ശക്തമാണ്. സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ നടക്കുന്ന ഗവേഷണ പദ്ധതികളെ പരിമിതപ്പെടുത്തുന്ന തരത്തിലുള്ള നയങ്ങളും മുന്നോട്ടുവച്ചിരിക്കുകയാണ്. ഈ രംഗത്ത് വികാസം, മികവ്, സമത്വം എന്നിവ ഉറപ്പുവരുത്താനും ബഹുവൈജ്ഞാനിക തലത്തില്‍ അധ്യാപനത്തിനും ഗവേഷണത്തിനുമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുപകരം നിലവിലുള്ള നേട്ടങ്ങളെപോലും തകര്‍ക്കുന്ന നയമാണ് മുന്നോട്ടുവച്ചിട്ടുള്ളത്.

ആര്‍എസ്എസ് അജണ്ടയുടെ നിര്‍വഹണ കേന്ദ്രങ്ങളായി സര്‍വ്വകലാശാലകളെ അധ:പതിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണിപ്പോള്‍ കടുത്ത സംഘപരിവാറുകാരനായ ഡോ: ജഗദേശ്കുമാറിനെ യു ജി സി യുടെ ചെയര്‍മാനായി നിയോഗിച്ചിരിക്കുന്നത്. ജെഎന്‍യുവിലെ വൈസ്ചാന്‍സലറായിരുന്നുകൊണ്ട് ഡോ.ജഗദേശ് കുമാര്‍ ആ വിശ്വോത്തര സര്‍വ്വകലാശാലയുടെ ജനാധിപത്യ അന്തരീക്ഷത്തെ തകര്‍ക്കുകയും, എബിവിപി അഴിഞ്ഞാട്ടങ്ങള്‍ക്ക് സൗകര്യമൊരുക്കി കൊടുക്കുകയും ചെയ്ത ആളെന്ന വിമര്‍ശനം ഇദ്ദേഹം ഏറ്റുവാങ്ങിയിട്ടുണ്ട്. ആര്‍ എസ് എസിന്‍റെയും വിജ്ഞാന ഭാരതിയുടെയും സജീവ പ്രവര്‍ത്തകനായ ജഗദേശ് കുമാറിനെപ്പോലൊരാളെ യുജിസിയുടെ തലപ്പത്തു കൊണ്ട് വന്നു അക്കാദമിക് മേഖലയുടെ കാവി വല്‍ക്കരണത്തിന് വേഗത കൂട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍.

കടുത്ത ആര്‍എസ്എസ് ഭക്തയും ഗോഡ്സെ ആരാധികയുമായ ഡോ: ശാന്തിശ്രീ പണ്ഡിറ്റിനെപ്പോലൊരാളെ ജെഎന്‍യുവിന്‍റെ വൈസ് ചാന്‍സലറായി നിയോഗിച്ചിരിക്കുന്നത് ഇതിന്‍റെ തുടര്‍ച്ചയാണ്. ഗാന്ധിവധത്തെ വരെ ന്യായീകരിച്ചു നടക്കുന്ന ആര്‍എസ്എസ് ഭീകരരുടെ നിയന്ത്രണത്തിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ അക്കാദമിക് സ്ഥാപനങ്ങളെ ഒന്നൊന്നായി ഏല്‍പ്പിച്ചു കൊടുത്തു കൊണ്ടിരിക്കുന്നത്. 2014 ന് ശേഷം ഇന്ത്യയുടെ അഭിമാനങ്ങളായ അക്കാദമിക് സ്ഥാപനങ്ങളെല്ലാം സംഘപരിവാര്‍ പിടിയിലമര്‍ന്നുകൊണ്ടിരിക്കുന്നതാണ് നാം കണ്ടത്.

ഇതിനെതിരായി പ്രതിരോധങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. അതിനെ പിന്തുണക്കാനും ആവണം. ജുഡീഷ്യറിയില്‍ പോലും ഇത്തരം ഇടപെടലുകള്‍ നടത്തുകയാണ്. ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട വിധിയും തുടര്‍സംഭവങ്ങളും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്.

തങ്ങള്‍ക്ക് കൈവന്ന അധികാരം ഉപയോഗിച്ച് സ്വതന്ത്രവും ജനാധിപത്യപരവുമായ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനാണ് സംഘപരിവാര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രത്തെയും സംസ്കാരത്തെയും കാവിവല്‍ക്കരിച്ചു ഹിന്ദുരാഷ്ട്ര നിര്‍മ്മിതിക്കാവശ്യമായ പ്രത്യയശാസ്ത്ര പരിസരം സൃഷ്ടിച്ചെടുക്കുകയാണവര്‍. അങ്ങേയറ്റം വിജ്ഞാന വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായൊരു പ്രത്യയശാസ്ത്ര പദ്ധതിയാണിതെന്ന് തിരിച്ചറിഞ്ഞ് ശക്തമായ പ്രതിരോധമുയര്‍ത്താന്‍ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടി നിലകൊള്ളുന്നവര്‍ക്ക് കഴിയേണ്ടതുണ്ട്. സ്വതന്ത്രമായ അക്കാദമിക് സമൂഹമെന്നത് ഏതൊരു സമൂഹത്തിലും ജനാധിപത്യം നിലനില്‍ക്കുന്നതിലും അതു വിപുലപ്പെടുന്നതിനുമുള്ള മുന്‍ ഉപാധിയാണ്.

അക്കാദമിക് സമൂഹങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഏതു സമൂഹത്തിനും ജനാധിപത്യം പുലരുകയോ അവയെ മുന്നോട്ടുനയിക്കാനോ കഴിയില്ലെന്ന ചരിത്രാനുഭവങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. അക്കാദമിക് യോഗ്യതയേക്കാള്‍ മോഡിഭക്തിയും ആര്‍എസ്എസ് അംഗത്വവും ദേശീയ അക്കാദമിക് സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാനുള്ള യോഗ്യതയായി മാറികൊണ്ടിരിക്കുന്ന ഉല്‍കണ്ഠാകുലമായ സാഹചര്യമാണു സംജാതമായിരിക്കുന്നത്.

മതനിരപേക്ഷതയെയും ജനാധിപത്യത്തെയും സാമൂഹ്യനീതിയെയും പരസ്യമായി എതിര്‍ക്കുന്ന ഹിന്ദുത്വവാദികളായ ബുദ്ധിജീവികള്‍ക്ക് ഐസിഎച്ച്ആറും സാമുഹ്യശാസ്ത്ര ഗവേഷണ കൗണ്‍സിലും ഐസിസിസിആറും യുജിസിയും സര്‍വ്വകലാശാലകളും ഏല്‍പിച്ചുകൊടുത്ത് ഇന്ത്യയെന്ന ആശയത്തെ തന്നെ ഇല്ലാതാക്കുകയാണ് ഹിന്ദുത്വവാദികളുടെ സര്‍ക്കാര്‍. വിദ്യാഭ്യാസ മേഖലയുടെ കാവിവല്‍ക്കരണനയങ്ങള്‍ക്കും അക്കാദമിക് സ്ഥാപനങ്ങള്‍ കയ്യടക്കുന്ന ആര്‍എസ്എസ് നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രചാരണ പ്രക്ഷോഭങ്ങള്‍ വളര്‍ത്തി കൊണ്ടുവരണമെന്ന് ജനാധിപത്യ ശക്തികളോടും അക്കാദമിക് രംഗത്ത് പ്രവര്‍ത്തിക്കുന്നവരോടും ഈ സമ്മേളനം അഭ്യര്‍ത്ഥിച്ചു.

04-Mar-2022