കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ കേന്ദ്ര സഹായം അനുവദിക്കുക; സിപിഎം
അഡ്മിൻ
നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ ആരോഗ്യ മേഖലയില്‍ കേരളം ഒന്നാം സ്ഥാനത്താണ്. പതിറ്റാണ്ടുകളുടെ പരിശ്രമത്തിലൂടെ ആരോഗ്യ രംഗത്ത് നാം ആര്‍ജിച്ചെടുത്തത് അഭിമാനകരമായ നേട്ടങ്ങളാണ്. ലോകശ്രദ്ധയിലേക്ക് കേരളത്തിന്റെ ആരോഗ്യ മേഖലയെ എത്തിച്ചത് പൊതുജനാരോഗ്യ രംഗത്ത് നാം കൈവരിച്ച പുരോഗതിയാണ്. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ ആര്‍ദ്രം മിഷന് കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സൃഷ്ടിച്ചത് വലിയ മാറ്റമാണ്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയും ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളേയും മെഡിക്കല്‍ കോളേജുകളേയും രോഗീ സൗഹൃദമാക്കിയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചും നാം മുന്നോട്ട് പോയപ്പോള്‍ കേരളത്തിന്റെ ആരോഗ്യ അടിത്തറ കൂടുതല്‍ ദൃഢമാകുകയാണ് ചെയ്തത്. കൂടുതല്‍ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ സ്ഥാപിക്കുക, ഓരോ തലങ്ങളിലുമുള്ള ആശുപത്രികളെ കൂടുതല്‍ ശാക്തീകരിക്കുക, ആരോഗ്യ വിദ്യാഭ്യാസമേഖല ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുക, ആരോഗ്യമേഖലയിലെ ഗവേഷണം ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുക, പ്രത്യേക ഇടപെടല്‍ ആവശ്യമുളള മേഖലകളില്‍ സ്പെഷ്യല്‍ പാക്കേജുകള്‍ നടപ്പിലാക്കുക എന്നിവ നടപ്പിലാക്കി വരികയും ചെയ്യുന്നുണ്ട്.
ജീവിതശൈലീ രോഗങ്ങളുടെ മരണ നിരക്കും രോഗാതുരതയും കുറച്ചുകൊണ്ടുവരുന്നതിനുള്ള ആസൂത്രിതമായ ജനകീയ ഇടപെടലുകളില്‍ പ്രത്യേക ഊന്നല്‍ കൊടുത്തുകൊണ്ടാവും മുന്നോട്ട് പോകുന്നുണ്ട്. പ്രമേഹരോഗ ഗവേഷണത്തിനും പഠനത്തിനും തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് പോലെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി വരികയാണ്. ക്യാന്‍സര്‍ രോഗികളുടെ പരിരക്ഷയ്ക്കായി സംസ്ഥാനം ക്യാന്‍സര്‍ കെയര്‍ രജിസ്ട്രി രൂപീകരിക്കുകയാണ്.
കേരളത്തിന്റെ ആരോഗ്യമേഖലയെ വികസിത രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുവാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇത്തരം പരിശ്രമങ്ങളെ പിന്തുണക്കുന്ന നിലപാടല്ല കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത്തരം രംഗങ്ങളില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ തന്നെ തടസ്സമായി നില്ക്കുന്ന സ്ഥിതിയാണുള്ളത്.
ജി.എസ്.റ്റി നടപ്പിലാക്കിയതിനു ശേഷം കേരളത്തിന്റെ ജി.എസ്.റ്റി വിഹിതം ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയുളള സന്ദര്‍ഭത്തിലാണ് എന്‍.എച്ച്.എം, പതിനഞ്ചാം ധനകാര്യ കമ്മീഷന് വിഹിതം എന്നിവ അധികമായി അനുവദിക്കേണ്ടത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിന് തയ്യാറാകുന്നില്ല.
കേരളത്തില്‍ ഒരു എയിംസ് സ്ഥാപിക്കുക എന്ന ആവശ്യം കഴിഞ്ഞ 20 വര്‍ഷങ്ങളായി കേന്ദ്രം അവഗണിക്കുകയാണ്. മുഖ്യമന്ത്രി കേന്ദ്രത്തിലേക്ക് പലതവണ കത്ത് മുഖേനയും, പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യമന്ത്രി എന്നിവരെ നേരില്‍ കണ്ടും കേരളത്തില്‍ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കേരളത്തില്‍ ഒരു എയിംസ് സ്ഥാപിക്കുന്നത് സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടാകും. എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങള്‍ക്കും എയിംസ് അനുവദിച്ചെങ്കിലും കേരളത്തിന് എയിംസ് അനുവദിക്കാത്തത് സംസ്ഥാനത്തിന്റെ പുരോഗതിക്ക് തടയിടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമമായി കാണണം.
വയനാട് ജില്ലാ ആശുപത്രിയെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്താനുള്ള അപേക്ഷയും കേന്ദ്രം നിരസിച്ചു. ഇതിനോടൊപ്പം തന്നെ അനുവദിക്കപ്പെടുന്ന ഫണ്ടുകളില്‍ ഗണ്യമായ കുറവും വരുത്തുന്നുണ്ട്.
അതേസമയം ആരോഗ്യമേഖലയിലെ കേന്ദ്രഫണ്ടിംഗ് ലഭിക്കുന്ന പദ്ധതികളായ എന്‍.എച്ച്.എം, ആയുഷ്മാന്‍ ഭാരത്, രോഗ നിയന്ത്രണ പരിപാടികള്‍ എന്നിവ ഓരോ സംസ്ഥാനത്തിന്റെയും പിന്നോക്കാവസ്ഥ, ജനസാന്ദ്രത, മോശമായ ആരോഗ്യ സൂചികകള്‍ എന്നിവ കണക്കിലാക്കിയാണ് ഫണ്ട് നല്‍കുന്നത്. ഈ സമീപനം ആരോഗ്യമേഖലയില്‍ നന്നായി പ്രവര്‍ത്തിക്കുന്ന കേരളത്തിന് ഗുണകരമാകുന്നില്ല.
മൂന്നാം കോവിഡ് തരംഗം കുതിച്ചുയരുവാന്‍ പോകുന്ന സമയത്താണ് കേന്ദ്രം കോവിഡ് ബ്രിഗേഡിനായുള്ള ഫണ്ട് ഇല്ലാതാക്കിയത്. ഇതൂമൂലം ആരോഗ്യകേന്ദ്രങ്ങളും കടുത്ത പ്രതിസന്ധിയിലായത്. 15-ാം ധനകാര്യ കമ്മീഷന്റെ ഫണ്ടുകളില്‍ നിന്നും കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് കൂടുതല്‍ ഫണ്ടുകള്‍ ആവശ്യമുണ്ട്. എന്നാല്‍ കേരളത്തിന്റെ ആരോഗ്യമേഖലയിലെ രണ്ടാംതലമുറ പ്രശ്നം മനസ്സിലാക്കി ഇടപെടുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നില്ല.
ആരോഗ്യരംഗത്തെ കേരളത്തിന്റെ സവിശേഷതകളെ ഉള്‍ക്കൊണ്ട് സഹായിക്കുന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണം. ഈരംഗത്തെ കേരളത്തിന്റെ വളര്‍ച്ചയ്ക്കും മുന്നോട്ടുപോക്കിനും സഹായകമായ നിലപാട് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉണ്ടാവണമെന്ന് ഈ സമ്മേളനം ആവശ്യപ്പെട്ടു.
04-Mar-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ