25 വര്‍ഷംകൊണ്ട് കേരളം വികസിത രാഷ്ട്രങ്ങളുടെ പട്ടികയിലെത്തുന്ന രാജ്യത്തെ തുരുത്തായി മാറും : മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
അഡ്മിൻ
25 വര്‍ഷംകൊണ്ട് കേരളം വികസിത രാഷ്ട്രങ്ങളുടെ പട്ടികയിലെത്തുന്ന രാജ്യത്തെ തുരുത്തായി മാറുമെന്നും ലോകത്ത് അത്ഭുതങ്ങള്‍ തീര്‍ത്ത നാടാണ് കേരളമെന്നും ലോകോത്തര നിലവാരത്തിലേക്ക് തദ്ദേശ സ്ഥാപനങ്ങളെ നവീകരിച്ച നാടാണ് നമ്മുടേതെന്നും തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നവകേരള തദ്ദേശകം 2022 ന്റെ ഭാഗമായി കാസർകോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ക്കായി ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അഞ്ചോളം വകുപ്പുകളുടെ ഏകീകരണം സാധ്യമായതോടെ സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് വേഗതയേറുമെന്നും നിലവില്‍ നീതി ആയോഗിന്റെ കണക്കുകളില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണ് കേരളമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ജനങ്ങളെ ഭരിക്കുകയല്ല അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ സേവിക്കുകയാണ് പ്രാദേശിക സര്‍ക്കാരുകളുടെ ലക്ഷ്യമെന്ന് അദ്ദേഹം ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും പറഞ്ഞു. ജനങ്ങളുടെ ഇച്ഛക്കനുസരിച്ച് സേവനങ്ങള്‍ ലഭ്യമാക്കാന്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് സാധിക്കണം. എല്ലാ സംവിധാനങ്ങളും ഈ രീതിയിലേക്കാണ് മാറേണ്ടത് - മന്ത്രി പറഞ്ഞു. ജനസേവനത്തിന് നിയോഗിക്കപെട്ടവരാണെന്ന ചിന്ത ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാകണം.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനിയും ഒരുപാട് മുന്നോട്ടു പോകാനുണ്ടെന്ന് മന്ത്രി പറഞ്ഞു. അനുനിമിഷം നവീകരിക്കപ്പെടാതെ നാടിന് മുന്നേറാനാവില്ല. നവീകരണത്തിന്റെ ഭാഗമായാണ് അഞ്ച് വകുപ്പുകളായി പ്രവര്‍ത്തിച്ചിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പിനെ ഏകീകരിച്ചത്. ജനസേവനം എളുപ്പത്തില്‍ നല്‍കുന്നതിന് ഫയല്‍ നീക്കത്തിന്റെ തട്ടുകള്‍ കുറക്കാന്‍ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്.
ഓരോ ഉദ്യോഗസ്ഥനും വ്യക്തിഗതമായ ചുമതലകള്‍ ഉണ്ടാവും. ഫയലുകള്‍ കുറിയിട്ട് താഴേക്കും മേലേക്കും തട്ടിക്കളിക്കാന്‍ ഇനി അനുവദിക്കില്ല. അപാകതകള്‍ അപേക്ഷകനെ കണ്ട് തിരുത്തല്‍ വരുത്തി അതിവേഗം സേവനം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു.
പാവപ്പെട്ടര്‍ക്ക് വീട്, അഭ്യസ്ഥവിദ്യരായ സ്ത്രീകള്‍ ഉള്‍പ്പെടെ യുവതി - യുവാക്കള്‍ക്ക് തൊഴില്‍, സംരംഭകത്വ പ്രോത്സാഹനം, ശുചിത്വ കേരളം യാഥാര്‍ത്ഥ്യമാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കണം. അതിദരിദ്രരായി കണ്ടെത്തിയവര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും പരമാവധി സേവനം നല്‍കി അവരെ പൊതുധാരയുടെ ഭാഗമാക്കണം. വാതില്‍പ്പടി സേവന പദ്ധതിയിലൂടെ ഏത് സേവനവും സന്നദ്ധ സംവിധാനം വഴി എത്തിക്കണം. ഭൂരഹിതരും ഭവനരഹിതരായവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് വേണ്ടി മനസ്സോടിത്തിരി മണ്ണ് കാമ്പയിന്‍ വഴി സുമനസ്സുള്ളവരില്‍ നിന്ന് ഭൂമി സംഘടിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷയായി. നീലേശ്വരം നഗരസഭ അധ്യക്ഷ ടി.വി ശാന്ത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍,കിനാനൂര്‍കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി, ദേലമ്പാടി പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉഷ, പടന്ന പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അസ്ലം, കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ.പി വത്സലന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജ്യോത്സ്ന മോള്‍.എസ്, ജോയിന്റ് ഡവലപ്പ്മെന്റ് കമ്മീഷണര്‍ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എല്‍.എസ്.ജി.ഡി ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു സ്വാഗതവും ഡെപ്യൂട്ടി ഡവലപ്പ്മെന്റ് കമ്മീഷണര്‍ കെ. പ്രദീപന്‍ നന്ദിയും പറഞ്ഞു.
07-Mar-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ