സംസ്ഥാന ബജറ്റ്: മരച്ചീനിയില്‍ നിന്ന് എഥനോള്‍; റോഡ് നിര്‍മാണത്തില്‍ റബര്‍ മിശ്രിതം

മരച്ചീനിയില്‍നിന്ന് മദ്യം ഉല്‍പാദിപ്പിക്കാന്‍ തുക വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. മരച്ചീനിയില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനാണ് പദ്ധതി. ഇതിനായി രണ്ടുകോടി വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശവും ബജറ്റ് മുന്നോട്ടുവെച്ചു.

വ്യവസായ വകുപ്പിന് കീഴില്‍ പത്ത് മിനി ഫുഡ് പ്രോസസിങ് പാര്‍ക്ക്. ഫുഡ് പ്രോസസിങ് പാര്‍ക്കുകള്‍ക്കായി ഇതിനായി 100 കോടിയാണ് വകയിരുത്തിയിരിക്കുന്നു. റോഡ് നിര്‍മാണത്തില്‍ റബര്‍ മിശ്രിതം ചേര്‍ക്കും. ഇതിനായി 50 കോടി വകയിരുത്തി. നാളികേര വികസനത്തിന് 73.93 കോടിയും കൃഷി ശ്രീ പദ്ധതിക്ക് 19.81 കോടി രൂപയും വകയിരുത്തിയതായും മന്ത്രി അറിയിച്ചു. നെല്ലിന്റെ താങ്ങുവില 28.20 ആയി ഉയര്‍ത്തി.

ഇതോടൊപ്പം തന്നെ വെള്ളപ്പൊക്ക നിയന്ത്രണത്തിനും അടിസ്ഥാനസൗകര്യവികസനത്തിനുമായി 140 കോടിയാണ് നീക്കിവച്ചത്. വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ 33 കോടി രൂപ വകയിരുത്തി. ആലപ്പുഴ കോട്ടയം ജില്ലകള്‍ക്ക് ഗുണം ലഭിക്കുന്ന തരത്തിലാണ് പദ്ധതി.ഇടുക്കി, വയനാട്, കാസര്‍ഗോഡ് പാക്കേജുകള്‍ക്കായി മറ്റു പദ്ധതികള്‍ക്കൊപ്പം 75 കോടിയാണ് വകയിരുത്തിയത്. കുട്ടനാട്ടിലെ വിളനാശം കുറച്ച് ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ 54 കോടിയും നീക്കിവച്ചു.

ലോവര്‍ കുട്ടനാട് മേഖലയിലെ കാര്‍ഷികോത്പാദന വിപുലീകരണത്തിന് 20 കോടിയും നീക്കിവച്ചതായും ധനമന്ത്രി അറിയിച്ചു. കശുവണ്ടി മേഖലയുടെ പ്രോത്സാഹനത്തിനായി 30 കോടി രൂപ വകയിരുത്തി. സ്വകാര്യ കശുവണ്ടി മേഖലയ്ക്ക് ഇത് സഹായകരമാവുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. നെല്‍കൃഷി വികസനത്തിന് 76 കോടി. നെല്ലിന്റെ താങ്ങുവില 28.20 ആയി ഉയര്‍ത്തി. ഇതിനായി 50 കോടി. സൂക്ഷ്മ ജലസേചന പദ്ധതിക്ക് 10 കോടി. രാത്രി കാലത്ത് അടിയന്തര വെറ്റിനറി സേവനങ്ങള്‍ക്കായുള്ള പദ്ധതിക്ക് 9.8 കോടി. പൗള്‍ട്രി വികസന കോര്‍പ്പറേഷന് ഏഴര കോടി. മത്സ്യ ബന്ധന മേഖലയ്ക്ക് വിവിധ പദ്ധതികള്‍ക്കായി 240.6 കോടി. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 37 കോടി അധികമാണ്. തീരദേശ സംരക്ഷണത്തിന് 100 കോടി.

11-Mar-2022