കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യം: ശശി തരൂർ

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നവരെല്ലാം തെരഞ്ഞെടുപ്പു ഫലത്തില്‍ വേദനിക്കുന്നുവെന്നും കോണ്‍ഗ്രസിന്റെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്നും തരൂര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണെന്നും പറഞ്ഞു.

‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ വേദനിക്കുന്നു. കോണ്‍ഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നല്‍കുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്. ഒരു കാര്യം വ്യക്തമാണ്. നമുക്ക് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണ്’, ശശി തരൂര്‍ പറഞ്ഞു.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ശക്തമായ രീതിയിൽ അസ്വാരസ്യം ഉണ്ടായിട്ടുണ്ട്. ഇനിയുള്ള 48 മണിക്കൂറിനുള്ളില്‍ തരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിലെ ജി-23 നേതാക്കള്‍ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ”നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങളിലും കോണ്‍ഗ്രസിന്റെ പെട്ടന്നുള്ള തകര്‍ച്ചയിലും ജി-23 നേതാക്കള്‍ അസ്വസ്ഥരാണ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ നേതാക്കള്‍ യോഗം ചേരും,” പേര് വെളിപ്പെടുത്താതെ ഒരു നേതാവ് പ്രതികരിച്ചു.

കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ യോഗത്തിന് മുമ്പ് തന്നെ വിമത നേതാക്കളുടെ യോഗം ഉണ്ടാകാനാണ് സാധ്യത. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടാണ് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ 23 നേതാക്കള്‍ രംഗത്തെത്തിയത്.

11-Mar-2022