കോൺഗ്രസിൽ പടയൊരുക്കവുമായി ജി 23 നേതാക്കള്‍

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വി ഒരിക്കല്‍കൂടി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനെ ചോദ്യം ചെയ്യുന്നതിലേക്ക് കടന്നിരിക്കുകയാണ്. ഈ വര്‍ഷം അവസാനം സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആഭ്യന്തര കലഹം രൂക്ഷമാകാനുള്ള സാധ്യതകളും തുറന്നുകഴിഞ്ഞു. തോല്‍വിയെക്കുറിച്ച് അടിയന്തരമായി അവലോകനം ചെയ്യാന്‍ കോണ്‍ഗ്രസ് തയാറായിട്ടില്ല.

എന്നാല്‍ പാര്‍ട്ടിയുടെ നയങ്ങള്‍ സംബന്ധിച്ച് വലിയ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ച് സോണിയ ഗാന്ധിക്ക് കത്തെഴുതിയ നേതാക്കള്‍ (ജി 23) മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി (സിഡബ്ല്യുസി) അംഗവുമായ ഗുലാം നബി അസാദുമായി കൂടിക്കാഴ്ച നടത്തി. ഒത്തൊരുമയില്ലാത്തതും ചേരിപ്പോരുമാണ് പഞ്ചാബില്‍ തിരിച്ചടിയായതെന്നും സംഘടനാ മികവിലെ പോരായ്മകള്‍ മറ്റ് സംസ്ഥാനങ്ങളിലെ തിരിച്ചടികള്‍ക്ക് കാരണമായെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് പറഞ്ഞു.

എന്നാല്‍ ഉത്തര്‍ പ്രദേശിലെ തോല്‍വിയിലും പ്രിയങ്ക ഗാന്ധിയെ വിമര്‍ശിക്കാന്‍ അദ്ദേഹം തയാറായില്ല.
ജി-23 നേതാക്കന്മാരുടെ യോഗത്തില്‍ അമര്‍ഷം ഉയര്‍ന്നു. രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ആനന്ദ് ശര്‍മ, എംപിമാരായ കപില്‍ സിബല്‍, മനീഷ് തേവാരി, അഖിലേഷ് പ്രസാദ് സിങ്, മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദര്‍ സിങ് ഹൂഡ എന്നിവര്‍ യോഗത്തിന്റെ ഭാഗമായി. ചില നേതാക്കള്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തെന്നാണ് വിവരം.

12-Mar-2022