എൽഐസിയെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ട്: തോമസ് ഐസക്
അഡ്മിൻ
എൽഐസിയുടെ 5% ഓഹരികൾ വിൽക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. യുക്രൈയിൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിൽപ്പന തൽക്കാലത്തേക്കു മാറ്റിവച്ചിരിക്കുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം ടി എം തോമസ് ഐസക് . ഇതിനിടെ ഇന്നലെ എൽഐസി ചെയർമാൻ എം.ആർ. കുമാർ എൽഐസിയുടെ ലാഭത്തിന്റെ കുതിപ്പിനെ അഭിമാനപൂർവ്വം രാജ്യത്തിന്റെയുള്ളിൽ അവതരിപ്പിച്ചിരിക്കുകയാണ്. 2020-21 ധനകാര്യ വർഷത്തിൽ ഡിസംബർ വരെയുള്ള പാദത്തിൽ എൽഐസിയുടെ അറ്റാദായം കേവലം 0.94 കോടി രൂപയായിരുന്നു. ഈ വർഷമാവട്ടെ അത് 234.91 കോടി രൂപയായി കുതിച്ചുയർന്നിരിക്കുകയാണ്.
എൽഐസിയുടെ ഷെയർ വാങ്ങൂ. നല്ല ലാഭം ഉറപ്പ്. എന്നാണു ചെയർമാൻ നിക്ഷേപകരോടു പറയുന്നത്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ എൽഐസിയുടെ ലാഭം ഒരുകോടി രൂപപോലും തികയാത്തതിനു കാരണം എന്താണ്? ലാഭത്തിന്റെ 5% ഒഴുികെ മുഴുവൻ പോളിസി ഉടമകൾക്കു വിതരണം ചെയ്തു. അതിനുശേഷമുള്ള തുകയാണ് അറ്റാദായം. ഇത്തവണ ലാഭത്തിൽ വലിയൊരുപങ്ക് പോളിസി ഉടമകൾക്കു വിതരണം ചെയ്യേണ്ടെന്നുവച്ചു. അങ്ങനെയാണ് 235 കോടി രൂപ അറ്റാദായമുണ്ടായത്. പോളിസി ഉടമകൾക്കു നഷ്ടപ്പെട്ടത് ഓഹരി ഉടമകളുടെ ലാഭമായി മാറിയെന്നും അദ്ദേഹം പറയുന്നു.
എൽഐസി സാധാരണരീതിയിലുള്ള ഒരു കമ്പനിയല്ല. അതുകൊണ്ടാണ് ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ എന്ന പേരുതന്നെ നൽകിയത്. പോളിസി ഉടമകളുടെ ട്രസ്റ്റുപോലെയാണ് എൽഐസി പ്രവർത്തിക്കുന്നത്. 5 കോടി രൂപയാണ് 64 വർഷം മുമ്പ് കേന്ദ്രസർക്കാർ മുതൽമുടക്കിയത്. ഇപ്പോൾ 38 ലക്ഷം കോടി രൂപയുടെ ആസ്തികളുണ്ട്. എൽഐസിയുടെ ഭീമാകാരമായ ഫണ്ട് പോളിസി ഉടമസ്ഥർ നൽകിയിട്ടുള്ള പ്രീമിയത്തിൽ നിന്നും ഉണ്ടാക്കിയിട്ടുള്ളതാണ്. അവർ നൽകിയിരിക്കുന്ന ഫണ്ട് നല്ല രീതിയിൽ നിക്ഷേപിച്ച് അതിൽ നിന്നും കിട്ടുന്ന ലാഭത്തിൽ വാർഷിക ലാഭത്തിന്റെ 5% ഓഹരി ഉടമസ്ഥനായ കേന്ദ്രസർക്കാരിനു നൽകും. ബാക്കി 95%-ഉം പോളിസി ഉടമസ്ഥർക്കു ബോണസായി നൽകുന്നു. ഇതുവരെ 28965 കോടി രൂപ ഡിവിഡന്റായി കേന്ദ്രസർക്കാരിനു നൽകിയിട്ടുണ്ട്. ഏതാണ്ട് 6 ലക്ഷത്തോളം കോടി രൂപ ബോണസായി പോളിസി ഉടമസ്ഥർക്കും നൽകിയിട്ടുണ്ട്.
ഇത്തരത്തിൽ പോളിസി ഉടമസ്ഥർക്ക് ലഭിക്കുന്ന ബോണസ് കുത്തനെ കുറയാനാണു പോകുന്നത്. ലൈഫ് ഇൻഷ്വറൻസ് പോളിസികൾ രണ്ടുതരമുണ്ട്. റിസ്ക് കവറേജിനു പുറമേ സമ്പാദ്യത്തിന്റെ ഒരു ഘടകവുംകൂടി പ്രീമിയത്തിൽ ഉൾപ്പെടുന്ന പാർട്ടിസിപ്പേറ്റിംഗ് പോളിസികളും റിസ്ക് കവറേജു മാത്രമുള്ള നോൺ പാർട്ടിസിപ്പേറ്റിംഗ് പോളിസികളും. ഇതുവരെ എൽഐസിയുടെ ലൈഫ് ഫണ്ടിൽ രണ്ടുതരം പോളിസികളും ഉൾപ്പെടും. രണ്ടിൽ നിന്നുള്ള ലാഭവും ബോണസായി വിതരണം ചെയ്യപ്പെടും.
എന്നാൽ സ്വകാര്യവൽക്കരണത്തോടെ പാർട്ടിസിപ്പേറ്റിംഗ് പോളിസികളുടെ ലാഭമേ ബോണസായി വിതരണം ചെയ്യൂ. ബാക്കി ഓഹരി ഉടമസ്ഥരുടെ ഡിവിഡന്റായി വിതരണം ചെയ്യും. ഇങ്ങനെയാണ് ഇപ്പോൾ സ്വകാര്യ ലൈഫ് ഇൻഷ്വറൻസ് കമ്പനികൾ പ്രവർത്തിക്കുന്നത്. ഇത് എൽഐസിക്കും ബാധകമാകും. ഈ വർഷം എൽഐസിയുടെ 20% വരുന്ന നോൺ പാർട്ടിസിപ്പേറ്റിംഗ് പോളിസിയുടെ അറ്റാദായം പോളിസി ഉടമകൾക്കു വിതരണം ചെയ്യേണ്ടതില്ലെന്നു തീരുമാനിച്ചു.
ഇതിനു പുറമേ 95% ലാഭവും ഇപ്പോൾ ബോണസായി വിതരണം ചെയ്യുന്നുണ്ടല്ലോ. അത് ഇപ്പോൾ തന്നെ 90% ആയി കുറച്ചിട്ടുണ്ട്. സ്വകാര്യവൽക്കരണം ഏറുംതോറും അത് ഇനിയും കുറയും. സ്വകാര്യ മുതലാളിമാർകൂടി എൽഐസിയുടെ ഉടമസ്ഥരായി വരുമ്പോൾ മറ്റേത് സ്വകാര്യ കമ്പനികളെയുംപോലെ ലാഭം പരമാവധി ആക്കി ഓഹരി ഉടമസ്ഥർക്കു നൽകുന്ന ഒരു കമ്പനിയായി എൽഐസി മാറും.
അങ്ങനെ എൽഐസി ലൈഫ് ഫണ്ടിൽ നിന്ന് നോൺ പാർട്ടിസിപ്പേറ്റിംഗ് പോളിസികളെ മാറ്റിയതും ബോണസ് വിഹിതം 90% ആയി കുറച്ചതുമൂലവുമാണ് അറ്റാദായം ഉണ്ടായിട്ടുള്ളത്. ഇങ്ങനെ സംഭവിക്കുമെന്ന് ഒരുമാസം മുമ്പ് ഞാൻ എഴുതിയപ്പോൾ സംഘികൾ എന്തെല്ലാമാണ് എന്റെ പോസ്റ്റിനു കീഴിൽ എഴുതിയത്. ഇപ്പോൾ അതു സംഭവിച്ചിരിക്കുന്നു. ബോണസിൽ ഒരു ഭാഗം ഓഹരി ഉടമകൾക്കു ഡിവിഡന്റായി നൽകാൻ മാറ്റിവച്ചു. തുടർന്നുള്ള വർഷങ്ങളിൽ സ്വകാര്യവൽക്കരണം ശക്തിപ്പെടുംതോറും ഈ തോത് ഇനിയും ഉയരും.
പോളിസി ഉടമകൾക്കു കിട്ടേണ്ട ഭാവിവരുമാനം ഷെയർ ഉടമസ്ഥർക്കു എഴുതിക്കൊടുത്ത് അഡ്വാൻസായി ദശലക്ഷക്കണക്കിനു കോടി രൂപ അടുത്ത ഏതാനും വർഷംകൊണ്ട് തട്ടിയെടുക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.
ഈ കൊള്ളയ്ക്കെതിരെ പോളിസി ഉടമസ്ഥരുടെയും ജീവനക്കാരുടെയും ഒരു മഹാപ്രസ്ഥാനത്തിനു രൂപം നൽകാൻ നാളെ കാലത്ത് എറണാകുളം ടൗൺ ഹാളിൽ സമര കൺവെൻഷൻ സംഘടിപ്പിക്കുകയാണ്. ബിജെപി ഒഴികെ എല്ലാ രാഷ്ട്രീയപാർട്ടികളും വർഗ്ഗബഹുജന സംഘടനകളും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. “എൽഐസിയെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ട്” എന്നതാണു മുദ്രാവാക്യമെന്നും തോമസ് ഐസക് അറിയിക്കുന്നു.
12-Mar-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ