രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ദയനീയ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ കോഴിക്കോട് ജില്ലയിലും ഫ്ലെക്സുകൾ. കഴിഞ്ഞ ദിവസം കെസി വേണുഗോപാലിന്റെ ജന്മനാടായ കണ്ണൂരിലും സമാനമായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് ക്യാമ്പ് ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
കെ സി വേണുഗോപാലിനെ പുറത്താക്കി, കോൺഗ്രസിനെ രക്ഷിക്കാനാണ് ഫ്ളക്സ് വാചകങ്ങൾ. മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. ആരാണ് സ്ഥാപിച്ചതെന്ന് അറിയില്ല.കഴിഞ്ഞ ദിവസം കണ്ണൂരില്‍ ശ്രീകണ്ഠപുരം, എരുവേശി ഭാഗങ്ങളിലായിരുന്നു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അഞ്ച് സംസ്ഥാനം വിറ്റു തുലച്ച കെസി വേണുഗോപാലിന് ആശംസകള്‍, പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ എന്നിങ്ങനെയായിരുന്നു പോസ്റ്ററിലെ പരാമര്‍ശം.
എന്നാല്‍, സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള നേതൃത്വത്തിനെതിരെയുള്ള കുറ്റപ്പെടുത്തലിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തന്നെ രംഗത്തെത്തിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തില്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നായിരുന്നു കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയത്.