കേന്ദ്ര സർവകലാശാലകളുടെ അക്കാദമിക മൂല്യങ്ങൾക്ക് നേരെ ബിജെപി തിരിഞ്ഞിരിക്കുന്നു: വി ശിവദാസൻ എംപി
അഡ്മിൻ
രാജ്യത്തെ സർവ്വകലാശാലകളിൽ അധ്യാപകരാവാൻ വിദ്യാഭ്യാസ യോഗ്യത വേണ്ടെന്നുള്ള യുജിസി തീരുമാനം അപകടകരമാണ് എന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവദാസൻ എംപി . ഉന്നത വിദ്യാഭ്യാസ രംഗം കുളം തോണ്ടുവാനുള്ള വഴികളെ കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ബിജെപി സർക്കാർ അതിന്റെ ഏറ്റവും പുതിയ വിഷം പുരട്ടിയ അമ്പ് പുറത്തെടുത്തിരിക്കുകയാണ്. ഇത്തവണ കേന്ദ്ര സർവകലാശാലകളുടെ അക്കാദമിക മൂല്യങ്ങൾക്ക് നേരെ ആണ് ആക്രമണമെന്ന് അദ്ദേഹം പറയുന്നു.
സർവകലാശാലകളിൽ അധ്യാപകൻ ആവാൻ ഇനി പോസ്റ്റ് ഗ്രാജ്യുവേഷനോ നെറ്റ് യോഗ്യതയോ പിഎച്ച്ഡിയോ ആവശ്യമില്ല. കോർപ്പറേറ്റ് മുതലാളിമാരെയും 'വിദഗ്ദ്ധരെയും " ഒക്കെ യഥേഷ്ടം പ്രൊഫസർസ് ഓഫ് പ്രാക്ടീസ് , അസ്സോസിയേറ്റ് പ്രൊഫെസ്സഴ്സ് ഓഫ് പ്രാക്ടീസ് ഒക്കെ ആയി നിയമിക്കാൻ ആണ് തീരുമാനം.
സിവിൽ സർവീസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കോടിക്കണക്കിനു ചെറുപ്പക്കാരെ നോക്കുകുത്തികളാക്കി, ലാറ്റെറൽ എൻട്രി വഴി ഇന്ത്യൻ സിവിൽ സർവീസിൽ 38 പേരെ കോർപ്പറേറ്റ് കമ്പനികളിൽ നിന്ന് നിയമിച്ചതിനു പിന്നാലെ ആണ്, കേന്ദ്രീയ സർവ്വകലാശാലകളടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു മാനദണ്ഡവും പാലിക്കാതെ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ ഉള്ള നീക്കം. സ്വകാര്യ സർവ്വകലാശാലകൾ കൂടി ഈ വഴി പിൻതുടർന്നാൽ, സ്വകാര്യ യൂണിവേഴ്സിറ്റി തുടങ്ങിയ മുതലാളിക്ക് തന്നെ അവിടെ ക്ലാസ്സുമെടുക്കാവുന്ന അവസ്ഥയാണ് വരാൻ പോകുന്നത്. ഗുരുതരമായ ഭവിഷ്യത്തുകൾ ഇത് വിദ്യാഭ്യാസമേഖലയിൽ ഉണ്ടാക്കുമെന്നും വി ശിവദാസൻ എംപി ഓർമ്മപ്പെടുത്തി.
വർഷങ്ങളോളം ഗവേഷണം ചെയ്തു അറിവ് സമ്പാദിച്ചു യോഗ്യതകൾ നേടിയവരെ പുറത്തു നിർത്തി, തങ്ങൾക്ക് അടുപ്പമുള്ളവരെ വിദഗ്ദ്ധരെന്ന പേരിൽ കുത്തിത്തിരുകാനുള്ള നീക്കം എതിർക്കപ്പെടേണ്ടതാണ്. അവർക്ക് സ്ഥിരനിയമനവും എല്ലാ ആനുകൂല്യങ്ങളും നൽകാൻ ആണ് നീക്കം. സർവ്വകലാശാല നിയമനങ്ങൾക്ക് ഡോക്ടറേറ്റ് നിർബന്ധമാക്കിയ അതേ യുജിസി ആണ് യാതൊരു യോഗ്യതയും ആവശ്യമില്ലാത്ത ഈ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ ഒരുമ്പെടുന്നത്. ഏറ്റവും ശക്തമായി എതിർക്കപ്പെടേണ്ട തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.