ബിജെപിയുടെ രാഷ്‌ട്രീയ ഭീകരത അങ്ങേയറ്റം അപലപനീയമാണ്‌: സിപിഎം പിബി

ഹിന്ദുത്വ കോർപറേറ്റ്‌ ഭരണത്തിന്റെ നയങ്ങൾക്കും ഏകാധിപത്യ-ഫാസിസ്റ്റ്‌ ആക്രമണങ്ങൾക്കുമെതിരായ പോരാട്ടം ഇടതുപക്ഷ ജനാധിപത്യ കക്ഷികൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ യോഗം ആഹ്വാനം ചെയ്‌തു. രാജ്യത്ത്‌ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ആധിപത്യം തുടരുന്നുവെന്ന്‌ വ്യക്തമാക്കുന്നതാണ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം.

യുപി അടക്കം ഭരണത്തിലുണ്ടായിരുന്ന നാലു സംസ്ഥാനത്തും ബിജെപി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
വർഗീയ ധ്രുവീകരണം തീവ്രമാക്കിയും വലിയൊരു വിഭാഗം മാധ്യമങ്ങളെ നിയന്ത്രിച്ചും വമ്പിച്ച പണാധികാരവും ഉപയോഗിച്ചാണ്‌ കുറഞ്ഞ സീറ്റുകളോടെ ബിജെപി യുപിയിൽ അധികാരം നിലനിർത്തിയത്‌. പരമ്പരാഗത പാർടികളായ കോൺഗ്രസിനെയും അകാലിദളിനെയും തഴഞ്ഞാണ്‌ പഞ്ചാബിലെ ജനങ്ങൾ ആം ആദ്‌മി പാർടിയെ തെരഞ്ഞെടുത്തത്‌. സമ്പൂർണ മാറ്റത്തിനാണ്‌ പഞ്ചാബിലെ ജനങ്ങൾ വോട്ട്‌ ചെയ്‌തത്‌.

തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നതിനു പിന്നാലെ ത്രിപുരയിൽ സിപിഐ എം പ്രവർത്തകർക്കും ഓഫീസുകൾക്കും നേരെയുള്ള ആക്രമണം ബിജെപി തീവ്രമാക്കിയിരിക്കുകയാണ്‌. ബിജെപിയുടെ രാഷ്‌ട്രീയ ഭീകരത അങ്ങേയറ്റം അപലപനീയമാണ്‌. പാർടിക്കെതിരായ കടന്നാക്രമണങ്ങളെ ചെറുത്തുതോൽപ്പിക്കുമെന്നും എ കെ ജി ഭവനിൽ രണ്ടുദിവസമായി ചേർന്ന പിബി യോഗം പ്രസ്‌താവനയിൽ പറഞ്ഞു.

14-Mar-2022