അജയ് മിശ്രയ്‌ക്കെതിരെ നടപടിയില്ല; 21 ന് ദേശീയ പ്രതിഷേധം നടത്താൻ കിസാന്‍ മോര്‍ച്ച

മാര്‍ച്ച് 21ന് രാജ്യവ്യാപക പ്രതിഷേധത്തിന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാനം. ലഖിംപുര്‍ ഖേരി സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയ്‌ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
കൂടാതെ അടുത്ത മാസം 12 മുതല്‍ 17 വരെ താങ്ങുവില വാരമായും ആചരിക്കും. താങ്ങുവില ഉറപ്പാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണ് ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ഡൽഹി ഗാന്ധി പീസ് ഫൗണ്ടേഷനിൽ യോഗം ചേർന്നാണ് തീരുമാനമെടുത്തത്.

ചുരുങ്ങിയ താങ്ങുവില പരിശോധിക്കാൻ ഇതുവരെ കമ്മിറ്റി ഉണ്ടാക്കിയിട്ടില്ല. സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത പൊലീസ് കേസുകൾ ഹരിയാനയിൽ അല്ലാതെ ഒരിടത്തും പിൻവലിച്ചിട്ടില്ല. വിവിധ ഭാഗങ്ങളിൽ ട്രെയിൻ തടയൽ സമരത്തിന് രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിച്ചിട്ടില്ല. ചുരുങ്ങിയ താങ്ങുവിലക്ക് നിയമപ്രാബല്യം ആവശ്യപ്പെട്ടും ലഖിംപുർ കൂട്ടക്കൊലയുടെ പിന്നിലുള്ള ക്രിമിനലുകളെ രക്ഷിക്കുകയും നിരപരാധികളായ കർഷകരെ വേട്ടയാടുകയും ചെയ്യുന്നതിനെതിരെയും വ്യത്യസ്ത സമരപരിപാടികളും മോർച്ച പ്രഖ്യാപിച്ചു.

ലഖിംപുർ ഖേരിയിൽ പ്രോസിക്യൂഷനും പൊലീസും ചേർന്ന് ക്രിമിനലുകളെ രക്ഷിക്കാനും നിരപരാധികളായ കർഷകരെ കേസിൽ കുടുക്കാനും ശ്രമിക്കുകയാണെന്ന് യോഗം വിലയിരുത്തി. കേന്ദ്ര മന്ത്രിയുടെ മകന് പെട്ടെന്ന് ജാമ്യം ലഭിച്ചു. പൊലീസ് കേസിൽപെടുത്തിയ കർഷകർ ജാമ്യം കിട്ടാതെ ജയിലിലാണ്.ലഖിംപുർ ഖേരിയിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തത് ഉയർത്തിക്കാണിച്ച് മാർച്ച് 21ന് ദേശവ്യാപക പ്രക്ഷോഭം നടത്തും. ഏപ്രിൽ 11 മുതൽ 17 വരെ 'ചുരുങ്ങിയ താങ്ങുവില നിയമപ്രാബല്യ വാരം' ആയി ആചരിക്കും

മോർച്ചയുടെ ഭാഗമായ എല്ലാ യൂനിയനുകളും രാജ്യവ്യാപകമായി ധർണകളും പ്രതിഷേധങ്ങളും സെമിനാറുകളും സംഘടിപ്പിക്കും. രാജ്യത്തെ എല്ലാ കർഷകരുടെയും വിളകൾക്കും സ്വാമിനാഥൻ കമീഷൻ നിർദേശിച്ചതു പ്രകാരം ചുരുങ്ങിയ താങ്ങുവില ഏർപ്പെടുത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

15-Mar-2022