പഞ്ചായത്ത് ആര്‍ജ്ജിക്കുന്ന സ്വത്തുക്കളോടൊപ്പം നിക്ഷിപ്തമാവുന്ന സ്ഥാവര സ്വത്തുക്കളും ആസ്തി രജിസ്റ്ററില്‍ ചേര്‍ക്കാവുന്നതാണ്: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പൊതു ആവശ്യത്തിനായി റിലിങ്ക്വിഷ്‌മെന്റ് ഫോറം മുഖേന സ്ഥലം വിട്ടു നല്‍കാനാവുന്നത് സംസ്ഥാന സര്‍ക്കാരിലേക്ക് മാത്രമാണെന്നും അത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കുന്നതിന് ആവശ്യമായ നിയമഭേദഗതി കൊണ്ടുവരുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പി കെ ബഷീര്‍ എം എല്‍ എയുടെ സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി. നിലവിലുള്ള നിയമ വ്യവസ്ഥ പ്രകാരം പഞ്ചായത്തുകള്‍ക്ക് സ്ഥാവര വസ്തു ആര്‍ജ്ജിക്കാന്‍ കഴിയില്ല.

1994ലെ കേരള പഞ്ചായത്തീ രാജ് ആക്ടിലെ 178 ആം വകുപ്പിന്റെ അടിസ്ഥാനത്തില്‍ 2005 ല്‍ തന്നെ കേരള പഞ്ചായത്തീ രാജ് (വസ്തു ആര്‍ജ്ജിക്കലും കയ്യൊഴിക്കലും) ചട്ടങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം ഭൂമി വിലക്കെടുക്കല്‍ ആക്ട് പ്രകാരമോ ഉഭയ സമ്മത പ്രകാരമോ സൗജന്യമായോ സ്ഥാവര സ്വത്തുക്കള്‍ പഞ്ചായത്തുകള്‍ക്ക് ആര്‍ജ്ജിക്കാവുന്നതാണ്. ഇപ്രകാരം ആര്‍ജ്ജിക്കുന്ന വസ്തുക്കള്‍ സബ് രജിസ്ട്രാര്‍ ഓഫീസ് വഴി പഞ്ചായത്തിന്റെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്ത് മാറ്റുന്നതിന് രജിസ്ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഒഴിവാക്കി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പഞ്ചായത്ത് ആര്‍ജ്ജിക്കുന്ന സ്വത്തുക്കളോടൊപ്പം നിക്ഷിപ്തമാവുന്ന സ്ഥാവര സ്വത്തുക്കളും ആസ്തി രജിസ്റ്ററില്‍ ചേര്‍ക്കാവുന്നതാണ്. ആസ്തി രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള വ്യക്തമായ നടപടി ക്രമങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ഇത് സംബന്ധിച്ച വിശദമായ സര്‍ക്കുലര്‍ പഞ്ചായത്ത് ഡയറക്ടര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. മന്ത്രി പറഞ്ഞു.

1994 ലെ കേരള പഞ്ചായത്തീ രാജ് നിയമപ്രകാരം രണ്ട് തരത്തില്‍ സ്ഥാവര വസ്തുക്കള്‍ പഞ്ചായത്തിന്റെ ആസ്തിയിലേക്ക് വരാം. ആക്ടിലെ 169, 171, 218, 279 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പഞ്ചായത്തില്‍ നിക്ഷിപ്തമാകുന്നതോ നിയന്ത്രണാധികാരം വരുന്നതോ ആയ ആസ്തി കൂടാതെ 178 ആം വകുപ്പ് പ്രകാരം പഞ്ചായത്തിനെ ഏല്‍പ്പിച്ചിട്ടുള്ള ചുമതലകളുടെ നിര്‍വ്വഹണത്തോട് അനുബന്ധിച്ചുള്ള ഒരു പൊതു ഉദ്ദേശത്തിന് വേണ്ടിവരാവുന്ന ഏതെങ്കിലും സ്ഥാവര സ്വത്ത് വിലയ്ക്കെടുക്കാം കൂടാതെ സ്വകാര്യ വിലയ്ക്ക് വാങ്ങല്‍ മുഖാന്തിരമോ സൗജന്യമായ വിട്ടു കൊടുക്കല്‍ മുഖാന്തിരമോ സ്ഥാവര വസ്തു ആര്‍ജ്ജിക്കാവുന്നതാണെന്നും മന്ത്രി സബ്മിഷനുള്ള മറുപടിയില്‍ വ്യക്തമാക്കി.

15-Mar-2022