ഹർജികള്‍ തള്ളി; ഇസ്‌ലാമില്‍ ഹിജാബ് അനിവാര്യമല്ലെന്ന് കര്‍ണാടക ഹൈക്കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള വിവിധ ഹരജികള്‍ കര്‍ണാടക ഹൈക്കോടതി ചൊവ്വാഴ്ച തള്ളി.ഇസ്‌ലാമില്‍ ഹിജാബ് അനിവാര്യമായ ഒരു ആചാരമല്ലെന്നും യൂണിഫോം നിര്‍ദേശിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.

ഹിജാബ് നിരോധനം കര്‍ണാടകയില്‍ വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു.ഹിജാബ് ധരിച്ച് എത്തിയ ആറ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ- യൂണിവേഴ്സിറ്റി മാനേജ്മെന്റ് നടപടി എടുത്തിരുന്നു. ആറ് വിദ്യാര്‍ത്ഥിനികളേയും ക്ലാസില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

വിഷയത്തില്‍ വിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവില്‍ ‘പൊതു സമാധാനവും ക്രമസമാധാനവും നിലനിര്‍ത്താന്‍’ സംസ്ഥാന സര്‍ക്കാര്‍ ഒരാഴ്ചത്തേക്ക് സമ്മേളനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. മംഗളൂരുവിലും മാര്‍ച്ച് 15 മുതല്‍ 19 വരെ വലിയ കൂട്ടായ്മകള്‍ നിരോധിച്ചിട്ടുണ്ട്. ഉഡുപ്പി ജില്ലാ ഭരണകൂടം ഇന്ന് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

15-Mar-2022