ഇ എം എസി ന്റെയും എ കെ ജിയുടെയും ചരമദിനങ്ങൾ ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്

ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർടിയും തൊഴിലാളിവർഗ പ്രസ്ഥാനവും കെട്ടിപ്പടുക്കാൻ മഹത്തായ സംഭാവന നൽകിയ ഇ എം എസി ന്റെയും എ കെ ജിയുടെയും ചരമദിനങ്ങൾ ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർഥിച്ചു. ഇ എം എസിന്റെ ചരമദിനം മാർച്ച്‌ 19നും എ കെ ജിയുടെ ചരമദിനം മാർച്ച് 22നുമാണ്. കോവിഡ് മാനദണ്ഡം പാലിച്ച് പാർടി ഓഫീസുകൾ അലങ്കരിച്ചും പതാക ഉയർത്തിയും അനുസ്മരണയോഗങ്ങൾ നടത്തിയും ദിനാചരണം സംഘടിപ്പിക്കണം.

ദേശീയ സ്വാതന്ത്ര്യസമരത്തിൽ സജീവസാന്നിധ്യമായിരുന്ന രണ്ടു നേതാക്കളും കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. രണ്ടാം പിണറായി സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്ന വേളയിലാണ് ഈ ദിനാചരണങ്ങൾ. സമസ്തമേഖലയിലും വികസന മുന്നേറ്റമുണ്ടായ പശ്ചാത്തലമാണ് എൽഡിഎഫിന് തുടർഭരണം സമ്മാനിച്ചത്.

എല്ലാ പൗരന്മാരുടെയും ക്ഷേമത്തിന് പ്രാമുഖ്യം നൽകിയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. സർക്കാരിന് പ്രതിബന്ധം സൃഷ്ടിക്കാനും വികസനം തകിടം മറിക്കാനുള്ള ആസൂത്രിത നീക്കമാണ് യുഡിഎഫും ബിജെപിയും കൈകോർത്ത് സ്വീകരിക്കുന്നത്. ഭാവി വികസനത്തിന് നാഴികകല്ലാകുമെന്നു കരുതുന്ന സിൽവർ ലൈൻ പദ്ധതിയെ ഇരുകൂട്ടരും എതിർക്കുന്നത് ഇതിനു തെളിവാണ്.

കള്ളപ്രചാരണങ്ങളെ പ്രതിരോധിക്കാനും സർക്കാരിന്റെ വികസനനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും കഴിയണം. മതനിരപേക്ഷ സമൂഹമായി കേരളത്തെ നിലനിർത്തേണ്ടത് അനിവാര്യമാണ്. അത്തരം പ്രവർത്തനങ്ങൾക്ക് എ കെ ജിയുടെയും ഇ എം എസിന്റെയും ഓർമകൾ കരുത്താകും.

17-Mar-2022