കെ റെയിലിൽ സമാധാനപരമായിട്ടാണ് കാര്യങ്ങൾ നടക്കുന്നത്: മുഖ്യമന്ത്രി

സിൽവർലൈൻ സമരങ്ങളിൽ പ്രകോപനമുണ്ടാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചങ്ങനാശേരിയിൽ തഹസിൽദാർ ഉൾപ്പെടെയുള്ളവരെ തടഞ്ഞുവച്ചു. സമാധാനപരമായിട്ടാണ് കാര്യങ്ങൾ നടക്കുന്നതെന്നും ഏതെങ്കിലും തരത്തിലുള്ള വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആക്രമണത്തിൽ നിന്ന് പ്രതിപക്ഷം പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങിനെ: കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമാധാനപരമായിട്ടാണ് നടക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നിട്ടില്ല. എങ്ങനെ എല്ലാം പ്രകോപനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷം ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി തെറ്റായ ഇടപെടലുകളും പ്രകോപനം സൃഷ്ടിക്കലും പൊലീസിനെ അക്രമിക്കലും സര്‍വ്വേ ഉദ്യോഗസ്ഥരെ തടയുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ നിന്ന് പ്രതിപക്ഷം പിന്‍മാറണം.

ഇതിന് നേതൃത്വം കൊടുക്കുന്നത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് ഏത് രീതിയിലേക്ക് മാറുന്നുയെന്നതിന്റെ തെളിവാണ് ഇതിലൂടെ കാണുന്നത്. അവരുടെ ഇടയിലും ചിന്തിക്കുന്നവരുണ്ട്, വിഷയത്തില്‍ യുഡിഎഫിനുള്ളിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ അക്രമത്തിലൂടെ യോജിപ്പുണ്ടാക്കാന്‍ ശ്രമിക്കരുത്. അത് നാടിന് വിനാശകരമാണ്. അതുകൊണ്ട് തെറ്റായ പ്രവണതകളില്‍ നിന്ന് പിന്‍മാറണമെന്നാണ് പറയാനുള്ളത്.''

17-Mar-2022