രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം; ആദ്യ ദിനത്തിൽ 13 ചിത്രങ്ങൾ

ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കമാകും. മേളയുടെ ഉദ്ഘാടനം വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഏഴ് വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്. ബംഗ്ലാദേശി ചിത്രം രഹന മറിയം നൂർ ആണ് ഉദ്ഘാടന ചിത്രം. അബ്ദുള്ള മുഹമ്മദ് സാദാണ് ചിത്രത്തിന്റെ സംവിധായകൻ, ആദ്യദിനത്തിൽ 13 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക.

നിശാഗന്ധിയിൽ വൈകിട്ട് നടക്കുന്ന ഉദ്ഘാടനച്ചടങ്ങുകൾക്ക് ശേഷം സ്വവർഗാനുരാഗികളായ രണ്ടു യുവാക്കൾ കുട്ടികളുടെ സംരക്ഷരാകുന്ന ഉറുഗ്വൻ ചിത്രം ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയീയും ഇന്ന് പ്രദർശനത്തിനെത്തും. അൽബേനിയൻ ചിത്രം ഹൈവ്, പോളണ്ടിൽ നിന്നുള്ള ലീവ് നോ ട്രെയിസസ് എന്നിവയും ഇന്ന് സിനിമാസ്വാദകരിലെക്കെത്തും

താരാ രാമാനുജം സംവിധാനം ചെയ്ത നിഷിദ്ധോ, കൃഷാന്ത് സംവിധാനം ചെയ്ത ആവാസ വ്യൂഹം എന്നിവയാണ് മത്സര വിഭാഗത്തിലെ മലയാള ചിത്രങ്ങൾ. വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്ങൾ, ഐ ആം നോട്ട് ദി റിവർ ഝലം എന്നിവയാണ് മത്സര വിഭാഗത്തിലുള്ള മറ്റ് ഇന്ത്യൻ ചിത്രങ്ങൾ.

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്, ഗായത്രി അശോകനും സൂരജ് സാത്തെയും ചേർന്നൊരുക്കുന്ന ശ്രദ്ധാഞ്ജലിയോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കുക. ഐ.എസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാന് ചടങ്ങിൽ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സമ്മാനിക്കും. നെടുമുടി വേണു, കെ.പി.എ.സി ലളിത ഉൾപ്പെടെ മൺമറഞ്ഞവർക്ക് ആദരസൂചകമായി വിവിധ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും.

കോവിഡിനെ തുടർന്ന് നിർത്തിവെച്ച രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് രണ്ട് വർഷത്തിന് ശേഷമാണ് വീണ്ടും തലസ്ഥാനത്ത് തിരിതെളിയുന്നത്. അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾപ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം തുടങ്ങി ഏഴ് വിഭാഗങ്ങളിൽ നിന്നുള്ള സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക.

18-Mar-2022