മലയോര ഹൈവേയുടെ നിർമ്മാണം മികച്ച രീതിയിൽ പുരോഗമിക്കുന്നു: മുഖ്യമന്ത്രി
അഡ്മിൻ
കേരളത്തിലെ മലയോര മേഖലയുടെ വളർച്ചയ്ക്കും സംസ്ഥാനത്തെ ഗതാഗത മേഖലയുടെ വികസനത്തിലും മുതൽക്കൂട്ടായി മാറുന്ന മലയോര ഹൈവേയുടെ നിർമ്മാണം മികച്ച രീതിയിൽ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. 93.69 കി.മീ റോഡിൻ്റെ നിർമ്മാണം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.
311 കി.മീ റോഡിൻ്റെ നിർമ്മാണം പുരോഗമിക്കുകയാണ്. കെ.ആർ.എഫ്.ബി മുഖാന്തരം നിർമ്മിക്കുന്ന 919.1 കി.മീ വരുന്ന ഹൈവേയ്ക്ക് 44 റീച്ചുകളാണുള്ളത്. അതിൽ 755.1 കി.മീ. റോഡിൻ്റെ ഡി.പി.ആർ തയ്യാറാക്കുകയും കിഫ്ബിയ്ക്ക് സമർപ്പിക്കുകയും ചെയ്തതായും അദ്ദേഹം അറിയിച്ചു. 653 കി.മീ.റോഡിന് കിഫ്ബിയിൽ നിന്നും സാമ്പത്തികാനുമതിയും, അതിൽ 411 കി.മീ. റോഡിന് സാങ്കേതികാനുമതിയും ലഭിച്ചു.
മലയോര ഹൈവേയുടെ നിർമ്മാണത്തിനായി 3500 കോടി രൂപയാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. അതിൽ 1973.74 കോടി രൂപയുടെ സാമ്പത്തികാനുമതി കിഫ്ബി ഇതിനകം നൽകി. പ്രളയമുൾപ്പെടെയുള്ള പ്രതിബന്ധങ്ങൾ ഉണ്ടായെങ്കിലും പദ്ധതി മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൻ്റെ വികസനത്തിൽ സുപ്രധാനമായ പങ്ക് ഈ പദ്ധതിയ്ക്ക് വഹിക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു..