ഭിന്നത; രാജ്യസഭ സ്ഥാനാർത്ഥി നിർണയം ഹൈക്കമാന്റിന് വിട്ട് കോൺഗ്രസ്
അഡ്മിൻ
രാജ്യസഭ സ്ഥാനാർത്ഥി നിർണയം ഹൈക്കമാന്റിന് വിടാൻ കോൺഗ്രസ്. ഒറ്റ പേരിലേക്ക് എത്താനാകാത്തതോടെ പരിഗണന പട്ടിക ഹൈക്കമാന്റിന് കൈമാറാൻ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ തീരുമാനിച്ചു. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയ്യതി തിങ്കളാഴ്ചയാണെന്ന കാര്യം കണക്കിലെടുത്ത് ഇന്ന് തന്നെ പേര് പ്രഖ്യാപിക്കുമെന്നും കെ.പി.സി.സി നേതൃത്വം അറിയിച്ചു.
വെള്ളിയാഴ്ചയിലേക്ക് കെ.പി.സി.സി സ്ഥാർത്ഥികളെ തീരുമാനിക്കുമെന്നായിരുന്നു കെ. സുധാകരൻ നേരത്തെ പറഞ്ഞിരുന്നത്.
'യുവാക്കളെ പരിഗണിക്കാനാണ് രാഹുൽ ഗാന്ധി അടക്കമുള്ളവർ പറഞ്ഞിട്ടുള്ളത്. എം. ലിജു സ്ഥാനാർത്ഥിയാവാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് ഇപ്പോഴാണ് സ്ഥാനാർത്ഥികളെ കുറിച്ച് ചിന്തിക്കുന്നത്. ഹൈക്കമാന്റ് ആരുടേയും പേര് ഇതുവരെ നിർദേശിച്ചിട്ടില്ല.
ആരുടെ പേരുയർന്ന് വന്നാലും എതിർ അഭിപ്രായം ഉണ്ടാകും. അത് കോൺഗ്രസിന്റെ സ്വഭാവമാണ്. ഒരു സ്ഥാനാർത്ഥിയുടെ നല്ലതും ചീത്തയുമൊക്കെ പറയാനുള്ള സ്വാതന്ത്ര്യം പാർട്ടി തലത്തിലുണ്ട്. എത്രയൊക്കെ എതിർപ്പുണ്ടായാലും തീരുമാനം രണ്ട് കയ്യും നീട്ടി പാർട്ടി സ്വീകരിക്കാറാണ് പതിവ്, കാലങ്ങളായി നിലനിൽക്കുന്ന ഒന്നാണിത്,' സുധാകരൻ പറഞ്ഞു.
എന്നാൽ രാജ്യസഭ തെരഞ്ഞെടുപ്പിൽ സമീപകാല തെരഞ്ഞെടുപ്പുകളിൽ തോറ്റവരെ പരിഗണിക്കരുതെന്ന് കെ. മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു. പരാജയപ്പെട്ടവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്റിന് മുരളീധരൻ കത്തയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ തോറ്റവർ ആ മണ്ഡലങ്ങളിൽ പോയി ജോലി ചെയ്യണമെന്നാണ് മുരളീധരൻ പറഞ്ഞത്.
എം. ലിജു അടക്കം തോറ്റവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന കെ.പി.സി.സി ഭാരവാഹികൾ എ.ഐ.സി.സിക്കും കത്തയച്ചിട്ടുണ്ട്.
ഇതുവരെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാത്ത നേതൃത്വത്തിനെതിരെ യുവ നേതാക്കളും രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം ആവർത്തിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷനും എം.എൽ.എയുമായ ഷാഫി പറമ്പിൽ പറഞ്ഞിരുന്നു. വിഷയത്തിൽ യൂത്ത് കോൺഗ്രസിന്റെ നിലപാട് നേതൃത്വത്തെ അറിച്ചിട്ടുണ്ടെന്ന് ഷാഫി പറഞ്ഞു.