'അഞ്ചേരി ബേബിയെ കണ്ടിട്ട് പോലുമില്ല'; നീതി ലഭിച്ചെന്ന് എം എം മണി
അഡ്മിൻ
യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി വധക്കേസില്‍ തന്നെ പ്രതി ചേര്‍ത്തത് തട്ടിപ്പാണെന്ന് തെളിഞ്ഞുവെന്ന് എംഎം മണി എംഎല്‍എ.അഞ്ചേരി ബേബിയെ താന്‍ കണ്ടിട്ട് പോലുമില്ല. എന്തിരുന്നാലും നീതി ലഭിച്ചെന്നും എംഎം മണി പറഞ്ഞു. 'അഞ്ചേരി ബേബി കൊലക്കേസ് പ്രതി എംഎം മണിയെന്ന് പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ കരുതുന്നത് ബേബിയെ കൊന്നത് ഞാന്‍ ആണെന്നാണ്.
1982 ലാണ് ബേബി വധം നടന്നത്. അന്ന് വയലാര്‍ രവി ആഭ്യന്തര മന്ത്രിയും കരുണാകരന് മുഖ്യമന്ത്രിയുമാണ്. ഉടുമ്പന്‍ ചോല താലൂക്കില്‍ തോട്ടം തൊഴിലാളികളെ അടിച്ചുഭീഷണിപ്പെടുത്തി ഐഎന്‍ടിയുസിയില്‍ ചേര്‍ക്കുന്ന സംഭവമുണ്ടായി.
അന്ന് അഞ്ചേരി ബേബി ഉള്‍പ്പെടുന്ന സംഘം ആയുധങ്ങളുമായി ഞങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. തിരിച്ചടിക്കുകയും ചെയ്തിട്ടുണ്ട്. അതിലൊന്നും ഉള്ള ആളല്ല ഞാന്‍. സ്ഥലത്ത് പോലുമില്ല. ആ കേസൊക്കെ തള്ളി പോയി.' എംഎല്‍എ വിശദീകരിച്ചു.
1982 നവംബര്‍ 13നാണ് അഞ്ചേരി ബേബിയെ വെടിവെച്ചുകൊന്നത്. യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ലോക്ക് പ്രസിഡന്റായിരുന്നു ബേബി. ഇടുക്കി മണക്കാട് വെച്ച് നടന്ന 'വണ്‍ ടൂ ത്രീ' കൊലവിളി പ്രസംഗത്തേത്തുടര്ന്നാണ് അഞ്ചേരി ബേബി വധം വീണ്ടും വിവാദമാകുന്നത്.