എത്ര എതിര്‍ത്താലും നടപ്പാക്കേണ്ടത് നടപ്പാക്കുക തന്നെ ചെയ്യും: മുഖ്യമന്ത്രി

എത്ര എതിര്‍ത്താലും നടപ്പാക്കേണ്ടത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനത്തോട് കള്ളം പറയുന്ന സര്‍ക്കാരല്ല ഇടതുപക്ഷ സര്‍ക്കാര്‍. റവന്യൂ വകുപ്പിന് കീഴില്‍ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന വില്ലേജ് ജനകീയ സമിതിയുടെ ഉദ്ഘാടനം എറണാകുളത്ത് നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനാവുന്ന കാര്യങ്ങള്‍ മാത്രമേ പറയൂ. പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുകയും ചെയ്യും. നമുക്ക് വേണ്ടിയെന്നല്ല നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതികള്‍. ഇപ്പോള്‍ വേണ്ടെന്ന് പറയുന്നവരോട് പിന്നെ എപ്പോള്‍ എന്ന ചോദ്യമാണ് ഉള്ളത്. ഇപ്പോള്‍ ചെയ്യേണ്ടത് ഇപ്പോള്‍ ചെയ്യണം. നാളെ ചെയ്യേണ്ടത് നാളെ ചെയ്യണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയും ആരോഗ്യ രംഗവും വലിയ രീതിയില്‍ മാറാന്‍ പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പശ്ചാത്തല സൗകര്യങ്ങള്‍ ഇതിനായി വികസിക്കണം. ഇന്ന് നിന്നടത്ത് നിന്നാല്‍ പോരാ. നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി കണ്ടുള്ള വികസനവുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത്തരം ചിന്തയുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ കാണുന്ന വികസനങ്ങള്‍ നടക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

19-Mar-2022