നേതാക്കളെ വിലക്കുന്നത് കോണ്‍ഗ്രസിന്റെ ബിജെപി അനുകൂല നിലപാട് കാരണമാണ്: കോടിയേരി ബാലകൃഷ്ണൻ

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നത് കെപിസിസി വിലക്കിയതിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിലക്കിന് കാരണം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമെന്നും പങ്കെടുക്കാന്‍ നേതാക്കള്‍ തയ്യാറാണെങ്കില്‍ അവരെ സ്വാഗതം ചെയ്യുന്നതായും കോടിയേരി പറഞ്ഞു.

നേതാക്കളെ വിലക്കുന്നത് കോണ്‍ഗ്രസിന്റെ ബിജെപി അനുകൂല നിലപാട് മൂലമാണ്. കേരളത്തിലെ വിഷയങ്ങളല്ല ദേശീയ രാഷ്ട്രീയമാണ് ചര്‍ച്ചയ്ക്ക് വരുന്നതെന്നും കോടിയേരി പറഞ്ഞു. സിപിഎം സെമിനാറുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുതെന്നാണ് കഴിഞ്ഞ ദിവസം കെപിസിസി നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി വിലക്കില്ലെന്നും പങ്കെടുക്കരുതെന്ന കെപിസിസി നിര്‍ദേശം കിട്ടിയിട്ടില്ലെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും തരൂര്‍ വിശദീകരിക്കുന്നു. എന്നാല്‍ കെപിസിസിയുടെ വിലക്ക് ലംഘിച്ച് സിപിഎമ്മിന്റെ സെമിനാറില്‍ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവ് പങ്കെടുത്താല്‍ നടപടിയുണ്ടാകുമെന്ന് പ്രസിഡന്റ് കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

20-Mar-2022