നിയമ വിരുദ്ധ ഭൂമി ഇടപാട്; സുരേഷ്ഗോപിയുടെ സഹോദരൻ സുനിൽഗോപി അറസ്റ്റിൽ
അഡ്മിൻ
ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് നടനും ബി.ജെ.പി എം.പിയുമായ സുരേഷ്ഗോപിയുടെ സഹോദരൻ സുനിൽഗോപിയെ കോയമ്പത്തൂർ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കോയമ്പത്തൂർ ജി.എൻ മിൽസ് തിരുവള്ളുവർ വീഥി ഗുരുവായൂരപ്പൻ വിലാസത്തിലെ ഗിരിനാഥൻ നൽകിയ പരാതിയിലാണ് അറസ്റ്റ്.
കോയമ്പത്തൂർ വാളയാറിനടുത്ത മാവുത്തംപതി വില്ലേജിൽപ്പെട്ട നവക്കരയിലെ മയിൽസാമിയുടെ ഉടമസ്ഥതയിലുള്ള 21 സെന്‍റ് ഭൂമി സുനിൽഗോപി വാങ്ങിയിരുന്നു. എന്നാൽ പ്രസ്തുത ഭൂമിയുമായി ബന്ധപ്പെട്ട് കോടതിയിൽ സിവിൽ കേസ് നിലവിലുണ്ട്. ഈ നിലയിൽ ഭൂമി ഇടപാടിന്‍റെ രജിസ്ട്രേഷൻ കോടതി അസാധുവാക്കിയിരുന്നു.
എന്നാലിത് മറച്ചുവെച്ചുകൊണ്ട് നിയമപരമായി ബാധ്യതയുള്ള ഭൂമി സുനിൽഗോപി മറിച്ചുവിൽക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി ഗിരിധരനിൽനിന്ന് 97 ലക്ഷം രൂപ അഡ്വാൻസും വാങ്ങി. തുടർന്നാണ് വിശ്വാസ വഞ്ചന നടത്തിയതിന്‍റെ പേരിൽ സുനിലിനെതിരെ ഗിരിധരൻ പൊലീസിൽ പരാതി നൽകിയത്.