വിശ്വസിക്കാന്‍ പറ്റാത്ത പാർടിയാണ് കോണ്‍ഗ്രസെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് മനസിലായി: മുഖ്യമന്ത്രി

കെ റെയിലിനെതിരെ ബിജെപിയും കോണ്‍ഗ്രസും ഒറ്റക്കെട്ടാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്‍ഡിഎഫ് സര്‍ക്കാര്‍ വികസന രംഗത്ത് സ്വീകരിച്ച നടപടികള്‍ക്ക് ജനം പിന്തുണ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ ഒന്നും ചെയ്യരുതെന്ന് കരുതിയാണ് എല്ലാത്തിനെയും കണ്ണടച്ച് എതിര്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു.

സാധാരണ തെരഞ്ഞെടുപ്പ് കാലത്താണ് കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് നില്‍ക്കുന്നത്. ഇത്തവണ സര്‍ക്കാരിന്റെ തുടക്കം മുതല്‍ എതിര്‍ക്കാന്‍ ഇവര്‍ ഒരുമിച്ചാണ്. കെ റെയില്‍ യാഥാര്‍ഥ്യമായാല്‍ എന്താകുമെന്ന് കരുതി കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടായി എതിര്‍ക്കുകയാണ്.ഇക്കാര്യത്തില്‍ ഒരേ മനസ്സും ഒരേ യോജിപ്പുമാണ്. സില്‍വര്‍ ലൈന്‍ ഉണ്ടാക്കുന്ന പുരോഗതി വലുതായിരിക്കും. അതുകൊണ്ടാണ് ഇതിനെ എതിര്‍ക്കുന്നത്. ഇപ്പോള്‍ വേണ്ടെന്നാണ് പറയുന്നത്, പിന്നെയെപ്പോഴാണ് വേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

വണ്ടിനെക്കുറിച്ച് പറഞ്ഞ പോലെയാണ് കോണ്‍ഗ്രസ്. നീ വിളക്കും കെടുത്തുന്നു, നീയും നശിക്കുന്നു. രാജ്യത്തിന് നാശമായി സ്വയം നശിക്കുകയും ചെയ്തു. മുന്‍ മന്ത്രിമാരുള്‍പ്പെടെ എത്ര പേരാണ് ബിജെപിയിലെത്തിയത്. വല്ല പാഠവും കോണ്‍ഗ്രസ് ഇതുവരെ പഠിച്ചോ? ഏത് തരം നാശത്തിലേക്കാണ് കോണ്‍ഗ്രസ് പോയിക്കൊണ്ടിരിക്കുന്നത്. വോട്ട് ഭിന്നിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് യുപിയില്‍ സ്വീകരിച്ചത്. വിശ്വസിക്കാന്‍ പറ്റാത്ത പാർടിയാണ് കോണ്‍ഗ്രസെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് മനസിലായെന്നും അദ്ദേഹം പറഞ്ഞു.

22-Mar-2022