ഇന്ന് എകെജിയുടെ വേർപാടിന്റെ 45-ാം വാർഷിക ദിനം

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം:

പാവപ്പെട്ടവരുടെ പടത്തലവൻ എന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന നേതാവായ എകെജിയുടെ വേർപാടിന്റെ 45-ാം വാർഷികദിനമാണ് ഇന്ന്. നാലരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും എകെജിയുടെ ഓർമ, ജ്വലിക്കുന്ന വിപ്ലവചൈതന്യമാണ്. കേരളത്തെ ഇന്നത്തെ കേരളമാക്കിയതിന്റെയും ഇന്ത്യയിലെ ജനങ്ങളിൽ വിപ്ലവകരമായി ഉണർവുണ്ടാകുന്നതിന്റെയും ചരിത്രം മനസ്സിലാക്കാൻ എകെ ജയുടെ ജീവിതകഥ ഉപകരിക്കും.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഈ ഘട്ടത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ സമുജ്വലപ്രതീകമായ നേതാവിനെ അനുസ്മരിക്കുന്നതിൽ പ്രത്യേക പ്രാധാന്യമുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് അനേകം നേതാക്കളുടെയും ജനവിഭാഗങ്ങളുടെയും നേതൃത്വത്തിൽ നടന്ന വ്യത്യസ്തസ്വഭാവത്തിലെ പ്രത്യയശാസ്ത്ര– -സമരധാരകളുടെ പ്രഭാവത്താലാണ്. അതിൽ ധീരമായ ഒരു പങ്കുവഹിച്ച ഇടതുപക്ഷ-കമ്യൂണിസ്റ്റ് ധാരയ്ക്ക് നേതൃത്വം നൽകിയ നേതാക്കളിൽ പ്രമുഖനാണ് എ കെ ജി. ബ്രിട്ടീഷ് സാമ്രാജ്യത്വവാഴ്ചയിലെ അനീതിക്കും അടിമത്വത്തിനുമെതിരെ നാടിനെയും നാട്ടുകാരെയും തട്ടിയുണർത്തി ആഞ്ഞടിക്കുകയായിരുന്നു ആ ജീവിതം.

ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാൻ അയിത്തവും ജാതിഭ്രഷ്ടും ചൂഷണവും അവസാനിപ്പിച്ച് ജനങ്ങളെ യോജിപ്പിക്കണം എന്നതായിരുന്നു എകെജി ഉൾപ്പെടെയുള്ളവർ മുന്നോട്ടുവച്ച ആശയം. അതിനുവേണ്ടി ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങളിൽ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രവേശനത്തിനും വഴിനടക്കലിനും സ്വാതന്ത്ര്യത്തിനുമായി പടപൊരുതി. ഗുരുവായൂർ സത്യഗ്രഹത്തിൽ കഠിനമായ മർദനമേൽക്കേണ്ടിവന്നു.
പിന്നീട് ആ സമരം വിജയം കണ്ടു. 1932ൽ ഗുരുവായൂർ സത്യഗ്രഹം കഴിഞ്ഞ് പയ്യന്നൂരിലെത്തിയ എ കെ ജി, അവിടെ കൊടികുത്തി വാണ അയിത്തത്തിനും സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനും എതിരെ സമരം തുടങ്ങി. കേരളീയനും ഒപ്പമുണ്ടായിരുന്നു. കീഴ്ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കില്ലെന്ന വാശിയോടെ ജാതിക്കോമരങ്ങൾ അക്രമം തുടങ്ങി. മൺകയ്യാലകൾക്കു പിന്നിൽ മറഞ്ഞിരുന്ന യാഥാസ്ഥിതികർ ജാഥയുടെ മുന്നിൽ ചാടിവീണു. ഉലക്കയും കുറുവടിയും ഉപയോഗിച്ച് എകജിയെയും കേരളീയനെയും ബോധംകെടുവോളം അടിച്ചുവീഴ്ത്തി. എകെജിയുടെ മരണമൊഴി മജിസ്ട്രേട്ട്‌ രേഖപ്പെടുത്തി.

എ കെ ജി തല്ലുകൊണ്ടുവീണ പൊതുവഴികൾ ഉത്തരകേരളത്തിൽ വേറെയുമുണ്ടായിരുന്നു. ഇത്തരം സമരങ്ങളുടെ ഫലമായി ആ വഴികളെല്ലാം അയിത്തജാതിക്കാർ എന്നു വിളിക്കപ്പെട്ടവർക്ക് തുറന്നുകൊടുക്കാൻ പിന്നീട് നിർബന്ധിതമായി. ബ്രിട്ടീഷ് ഭരണത്തിലും പിൽക്കാലത്തെ ജനവിരുദ്ധ കേന്ദ്രസർക്കാർ ഭരണങ്ങളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ജനകീയസമരങ്ങളിൽ എ കെ ജി നിർണായക പങ്കുവഹിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഈ സമരനായകൻ കണ്ണൂരിലെ സെൻട്രൽ ജയിലിൽ ഇരുട്ടുമുറിയിൽ ഏകനായിരുന്നു. ദീർഘകാലം കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും സെക്രട്ടറിയും എഐസിസി അംഗവുമായിരുന്ന ആൾ ആദ്യത്തെ സ്വാതന്ത്ര്യദിനത്തിലെ ആഗസ്‌ത്‌ 15 ജയിലിലാണ് ആഘോഷിച്ചത്. ദേശീയപതാകയേന്തി ജയിൽ വളപ്പിൽ അദ്ദേഹം നടന്നു. എല്ലാ തടവുകാരെയും വിളിച്ചുകൂട്ടി ജയിൽകെട്ടിടത്തിന്റെ മുകളിൽ കൊടികെട്ടി. സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രഭാഷണവും നടത്തി.

സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റുകാരുടെ പങ്ക് എത്രമാത്രം വലുതാണ് എന്നതിന് എ കെ ജിയുടെ പോരാട്ടത്തിന്റെ ഏടുകൾ മറിച്ചുനോക്കിയാലറിയാം. സ്വാതന്ത്ര്യസമരത്തിനു മുമ്പും പിമ്പുമായി 20 തവണയാണ് തടവറയിൽ അടച്ചത്. ജയിൽവാസം 17 വർഷം നീണ്ടതാണ്. ഭരണഘടന പഠിക്കുന്ന നിയമവിദ്യാർഥികൾ പലവട്ടം ഉരുവിടുന്ന വിധിന്യായമാണ് എ കെ ഗോപാലൻ സ്റ്റേറ്റ് ഓഫ് മദ്രാസ് എന്നത്. 1950ൽ സുപ്രീംകോടതിയിൽനിന്ന് ഉണ്ടായ ഈ വിധി മൗലികാവകാശങ്ങളെ സംബന്ധിച്ച ആദ്യത്തെ വിധിന്യായമാണ്. ഭരണഘടനാമൂല്യങ്ങളെ പിച്ചിച്ചീന്തി മോദി ഭരണം ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ തേർവാഴ്ച നടത്തുമ്പോൾ ഭരണഘടന സംരക്ഷിക്കാൻ എ കെ ജി സുപ്രീംകോടതി ഉൾപ്പെടെയുള്ള കോടതികളിലും കോടതികൾക്കു പുറത്തും നടത്തിയ സമരം പ്രസക്തമാണ്.

ഇന്ത്യൻ കർഷകവർഗത്തിന്റെയും തൊഴിലാളിവർഗത്തിന്റെയും വിമോചനപ്പോരാട്ടങ്ങളിലെ ഏറ്റവും വലിയ പ്രചോദനകേന്ദ്രവും വഴികാട്ടി നക്ഷത്രവുമാണ് എ കെ ജി. രണ്ടാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിക്കുന്ന ഒരു വർഷം നീണ്ട സമീപസമയത്തെ കർഷകസമരം കേന്ദ്രസർക്കാരിനെ മുട്ടുകുത്തിക്കുകയും വിജയംനേടുകയും ചെയ്തു. എ കെ ജി നയിച്ച കർഷകസമരങ്ങളുടെ പിൻബലം ഈ വിജയത്തിൽ ഉൾച്ചേർക്കപ്പെടുന്നു.

കേന്ദ്രസർക്കാരിന്റെ പൊതുമുതൽ വിറ്റുതുലയ്ക്കൽ നയത്തിനും കർഷകവിരുദ്ധ നിയമങ്ങൾക്കും എതിരെ ഇന്ത്യയിലെ തൊഴിലാളിവർഗം ഈ മാസം 28നും 29നും പൊതുപണിമുടക്ക് നടത്തുകയാണ്. ഈ ദേശീയ സമരത്തിന് ആവേശം പകരാൻ എ കെ ജി സ്മരണ ഉപകരിക്കും. ഇന്ത്യൻ റെയിൽവേ തൊഴിലാളികളുടെയും കമ്പിത്തപാൽ ജീവനക്കാരുടെയും ഉൾപ്പെടെ പ്രക്ഷോഭങ്ങൾക്ക് എ കെ ജി നൽകിയ നേതൃത്വവും പോരാട്ടവീര്യവും ഈ ഘട്ടത്തിൽ പ്രത്യേകം ഓർമിക്കപ്പെടുന്നതാണ്.

തനിക്ക് ശാരീരികമായി വേദനിക്കുമ്പോഴും നിങ്ങൾക്ക് വേദനിക്കുന്നുവോ എന്ന് ആരാഞ്ഞ് അവരുടെ വേദന അകറ്റാൻ കർഷകരുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ഒപ്പം കൂടുന്നതായിരുന്നു എ കെ ജിയുടെ ശീലം. ഒന്നാം ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായിരുന്ന എ കെ ജി പിന്നീട് 1977 വരെ സഭയിലെ പ്രതിപക്ഷ ശബ്ദമായി. തീവണ്ടിയാത്രകൾക്കിടയിൽ പോലും ജനങ്ങളുടെ കത്തുകൾക്ക് മറുപടി എഴുതുകയും കേന്ദ്രസർക്കാരിന്റെ നടപടിക്കായി കമ്പിയടിക്കുകയും ചെയ്യുമായിരുന്നു. പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കും ഏറ്റവും കൂടുതൽ ടെലഗ്രാം ചെയ്ത നേതാവും എ കെ ജിയാണ്.

പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ കരിനിയമം ലംഘിച്ച് പ്രകടനം നടത്തിയതിന് എറണാകുളത്ത്‌ എ കെ ജിയെ അറസ്റ്റ്‌ചെയ്തു. ആഴ്ചകൾക്കുശേഷം വിട്ടയച്ചപ്പോൾ നേരെ പാർലമെന്റിലെത്തി ഏകാധിപത്യഭരണത്തിന് താക്കീത് നൽകി. ഇന്ദിര ഗാന്ധി പെൺഹിറ്റ്‌ലറാകരുതെന്നു പറഞ്ഞു. എന്നെയും ഇ എം എസിനെയും വിട്ടശേഷം എന്റെ മൂവായിരം സഖാക്കളെ എന്തുകൊണ്ട് ജയിലിൽനിന്നു വിടുന്നില്ല എന്നും മാർക്സിസ്റ്റുകാരെയും ഇടതുപക്ഷക്കാരെയും അറസ്റ്റ്‌ചെയ്തിട്ടില്ല എന്ന് ലോകത്തെ ധരിപ്പിക്കാനല്ലേ എന്നെയും ഇ എം എസിനെയും മാത്രം മോചിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു. 45 വർഷത്തെ പ്രവർത്തനത്തിനിടയിൽ പതിനേഴു വർഷവും ഞാൻ ജയിലിലായിരുന്നു. ജയിലിനെ ഒട്ടും ഭയക്കുന്ന ആളല്ല ഞാനെന്നും എ കെ ജി ഓർമപ്പെടുത്തി.

സ്വാതന്ത്ര്യസമരകാലത്ത് വെല്ലൂർ ജയിൽചാടി ഒളിവിൽ കഴിഞ്ഞ ചരിത്രമുള്ള, സമരത്തിന്റെ ചുരുക്കപ്പേരാണ് എ കെ ജി. ഇതേ നേതാവ്‌ തന്നെ സമരാഭാസങ്ങളെ നഖശിഖാന്തം എതിർത്തിരുന്നു. വർഗശത്രുക്കളുടെ സമരാഭാസങ്ങളോട് പുരോഗമനശക്തികൾ എന്ത് സമീപനം സ്വീകരിക്കണം എന്നതിന് എ കെ ജിയുടെ പ്രവർത്തനശൈലി ഉത്തരം നൽകുന്നതാണ്. ആത്മകഥയിൽ അദ്ദേഹം ആവേശകരമായൊരു സ്വപ്നം വിവരിച്ചിട്ടുണ്ട്. സമരങ്ങളിൽ വ്യാപൃതനായ താൻ കാലിടറി വീണെന്നുവരും. പക്ഷേ, ദരിദ്രരുടെയും ഭാരം ചുമക്കുന്നവരുടെയും ഇടത്തരക്കാരുടെയും വസന്തകാലം വിരിയുക തന്നെ ചെയ്യുമെന്നായിരുന്നു എ കെ ജിയുടെ വാക്കുകൾ.

ഇത്തരം ഒരു വസന്തകാലം പിറക്കുന്നതിനുള്ള വഴി തെളിച്ചുവിടുന്നതിന് കേരളത്തിൽ ഇടതുപക്ഷ നേതൃസർക്കാരിന്റെ തുടർഭരണം ഉണ്ടാകണമെന്ന സ്വപ്നം എ കെ ജി, ഇ എം എസ് ഉൾപ്പെടെയുളള നേതാക്കൾക്ക് ഉണ്ടായിരുന്നു. അത് ഇന്ന് യാഥാർഥ്യമായി. പക്ഷേ, എൽഡിഎഫിന്റെ തുടർഭരണം വർഗശത്രുക്കളെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. അതിന്റെ പ്രതിഫലനമാണ് എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കെ– -റെയിലിനെ കേന്ദ്രീകരിച്ച് അരാജകസമരത്തിന് വർഗശത്രുക്കൾ ഇറങ്ങിയിരിക്കുന്നത്.

പരിസ്ഥിതി ആഘാതപഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കുവേണ്ടിയാണ് അതിർത്തിക്കല്ല് നാട്ടുന്നത്. അത് പിഴുതെറിയുന്ന നിയമവിരുദ്ധ സമരത്തിന് കോൺഗ്രസ് നയിക്കുന്ന യുഡിഎഫും ആർഎസ്എസ് നേതൃത്വം നൽകുന്ന ബിജെപിയും ഏകോദരസഹോദരങ്ങളെപ്പോലെ ഇറങ്ങിയിരിക്കുകയാണ്. ഇക്കൂട്ടർ ഹൈക്കോടതിക്കു നൽകിയ ഹർജികൾ തള്ളുകയും ഭൂമി അളക്കാനുള്ള നടപടിക്ക് കോടതി പച്ചക്കൊടി കാട്ടുകയും ചെയ്തു. ഹൈക്കോടതി ഉത്തരവിനെപ്പോലും ചോദ്യംചെയ്ത് യുഡിഎഫ്, ബിജെപി ശക്തികൾ തീവ്രവർഗീയ വിഭാഗങ്ങളുമായി കൂട്ടുചേർന്നാണ് എൽഡിഎഫ് സർക്കാർവിരുദ്ധ സമരത്തിനിറങ്ങിയിരിക്കുന്നത്. ഒന്നാം ഇ എം എസ് സർക്കാരിനെ അട്ടിമറിക്കാൻ നടത്തിയ വിമോചനസമരത്തെ തുറന്നുകാട്ടാൻ എ കെ ജി നടത്തിയ ഇടപെടലുകൾ വലുതാണ്. യഥാർഥ സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും വർഗശത്രുക്കളുടെ സമരാഭാസത്തെ തള്ളിപ്പറയുകയും ചെയ്ത എ കെ ജിയുടെ പാരമ്പര്യം നമുക്ക് ഉയർത്തിപ്പിടിച്ചേ മതിയാകൂ.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ നായകരിൽ പ്രമുഖനായിരുന്ന എ കെ ജിയുടെ ജന്മസ്ഥലമായ കണ്ണൂരിലാണ് അദ്ദേഹം വളർത്തിയ സിപിഐ എമ്മിന്റെ 23-ാം പാർടി കോൺഗ്രസ് ഏപ്രിൽ ആറു മുതൽ 10 വരെ ചേരുന്നത്. ഈ സമ്മേളനം സിപിഐ എമ്മിന്റെ വളർച്ചയ്ക്ക് നിർണായക സംഭാവനയാകും എന്ന് വർഗശത്രുക്കൾ തിരിച്ചറിയുന്നു. അതുകൂടി കണക്കിലെടുത്താണ് കേരളത്തിലെ സമാധാന അന്തരീക്ഷം ഇല്ലായ്മ ചെയ്യാൻ കെ–- റെയിലിന്റെ പേരിൽ കുപ്രചാരണങ്ങൾ അഴിച്ചുവിട്ട് അക്രമസമരത്തിന് യുഡിഎഫും ബിജെപിയും വ്യത്യസ്ത മതതീവ്രവാദ ഗ്രൂപ്പുകളും ഇറങ്ങിയിരിക്കുന്നത്. ഇതിന്റെ ആപത്ത് ജനസമൂഹത്തെ ധരിപ്പിക്കുന്നതിന് ഉണർവോടെയുള്ള പ്രവർത്തനം നടത്താൻ എ കെ ജി സ്മരണ പ്രചോദനമാണ്. ഇന്ത്യ കണ്ട അതുല്യ വിപ്ലവകാരിയുടെ ഓർമകൾക്ക് പ്രണാമം.

22-Mar-2022