ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ; കേരളത്തിന് ദേശീയ പുരസ്‌കാരം
അഡ്മിൻ
ആരോഗ്യ മേഖലയ്ക്ക് മറ്റൊരു അഭിമാന നേട്ടം കൂടി. ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ക്ഷയരോഗ മുക്ത നിലവാരം വിലയിരുത്തുന്നതിന് വേണ്ടിയുള്ള സബ് നാഷണല്‍ സര്‍ട്ടിഫിക്കേഷന്റെ (Sub National certification of progress towards TB free status) ഭാഗമായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തില്‍ സില്‍വര്‍ കാറ്റഗറിയിലാണ് സംസ്ഥാനത്തിന് പുരസ്‌കാരം ലഭിച്ചതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് .
2015നെ അപേക്ഷിച്ച് 2021ല്‍ 40 ശതമാനത്തിലധികം ക്ഷയരോഗനിരക്ക് കുറഞ്ഞതിനാണ് പുരസ്‌കാരം ലഭിച്ചത്. സംസ്ഥാനങ്ങളുടെ പട്ടികയില്‍ സില്‍വര്‍ കാറ്റഗറിയില്‍ പുരസ്‌കാരം നേടുന്ന ഏക സംസ്ഥാനമാണ് കേരളംമെന്നും മന്ത്രി പറഞ്ഞു.
ഇതുകൂടാതെ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലകള്‍ക്കും പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മികച്ച പ്രവര്‍ത്തനം നടത്തിയ മലപ്പുറം, വയനാട് ജില്ലകള്‍ക്ക് ഗോള്‍ഡ് കാറ്റഗറിയില്‍ പുരസ്‌കാരം ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകള്‍ക്ക് സില്‍വര്‍ കാറ്റഗറിയിലും എറണാകുളം, കണ്ണൂര്‍ ജില്ലകള്‍ക്ക് ബ്രോണ്‍സ് കാറ്റഗറിയിലും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും.
ആഗോളതലത്തിൽ പുതിയതായി ഉണ്ടാകുന്ന ക്ഷയരോഗികളിൽ നാലിൽ ഒരാൾ ഇന്ത്യയിലാണ്. എന്നാൽ കേരളത്തിൽ ക്ഷയരോഗ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. 2025ഓടെ ക്ഷയരോഗ മുക്തിയാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
നിലവിലുള്ള ചികിത്സാ രേഖകളുടെയും രജിസ്റ്ററുകളുടെയും പരിശോധന, രേഖകളിൽപ്പെടാത്ത ക്ഷയരോഗികളുണ്ടോ എന്നറിയുന്നതിനായി തിരഞ്ഞെടുത്ത ക്ലസ്റ്ററുകളിൽ നടത്തിയ സാമൂഹിക സർവേ തുടങ്ങിയ നടപടിക്രമങ്ങൾ പാലിച്ചാണ് പുരസ്‌കാരം നിർണയിക്കുന്നത്. ക്ഷയരോഗ നിർമ്മാർജന പദ്ധതിയിലൂടെ അല്ലാതെ കേരളത്തിൽ ക്ഷയരോഗത്തിനുള്ള മരുന്നുകൾ വിതരണം ചെയ്യപ്പെടുന്നുണ്ടോയെന്നും പരിശോധിച്ചു. ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ് കേരളത്തിന് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ വർഷം സംസ്ഥാനത്തിന് ബ്രോൺസ് കാറ്റഗറിയിൽ പുരസ്‌കാരം ലഭിച്ചിരുന്നു.