സില്‍വര്‍ ലൈൻ പദ്ധതിക്ക് ഉടന്‍ കേന്ദ്രാനുമതി കിട്ടുമെന്ന് പ്രതീക്ഷ: മുഖ്യമന്ത്രി

സില്‍വര്‍ ലൈന് കേന്ദ്രാനുമതി കിട്ടുമെന്ന് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആരോഗ്യകരമായ ചര്‍ച്ചയായിരുന്നു നടന്നത്. ചീഫ് സെക്രട്ടറിക്കൊപ്പമാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി സംസാരിക്കാമെന്ന് ഉറപ്പു നല്‍കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


മുഖ്യമന്ത്രിയുടെ വാക്കുകള്‍

ഇന്ന് പ്രധാനമന്ത്രിയെ കണ്ടിരുന്നു. ചീഫ് സെക്രട്ടറിയും ഞാനും കൂടിയാണ് കണ്ടത്. ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ അതീവ താത്പര്യത്തോടെയാണ് അദ്ദേഹം കേട്ടിരുന്നത്. പ്രതികരണങ്ങള്‍ ആരോഗ്യകരമായിരുന്നു. റെയില്‍വേ മന്ത്രിയുമായി കാര്യങ്ങള്‍ സംസാരിക്കാമെന്നും എന്താണ് ചെയ്യാന്‍ സാധിക്കുക എന്ന് ആലേചിക്കാം എന്ന് അദ്ദേഹം ഉറപ്പു നല്‍കുകയും ചെയ്തു.


കേന്ദ്ര അനുമതി വേഗത്തില്‍ ലഭ്യമാക്കും എന്ന്തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗികമായി അല്ലെങ്കിലും റെയില്‍വേ മന്ത്രിയെയും കണ്ടിരുന്നു. പ്രധാനമന്ത്രിയുമായി കണ്ട കാര്യവും ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചു. ഈ പദ്ധതിയോട് അനുഭാവപൂര്‍ണമായ നിലാപാട് തന്നെയാണ് പ്രധാനമന്ത്രി അറിയിച്ചത്. ആ കാര്യത്തിലുള്ള നന്ദി ഈ രൂപത്തില്‍ പ്രധാനമന്ത്രിയെ അറിയിക്കുന്നു.

അടുത്ത 50 വർഷത്തേക്കുള്ള യാത്രാ പ്രതിസന്ധി പരിഹരിക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു. സാമൂഹികാഘാത പഠനം നടത്തുന്നതിനുള്ള സർവ്വേയാണ് ഇപ്പോൾ നടക്കുന്നത്. പദ്ധതിയുടെ പൂർത്തികരണത്തിന് പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഒരാളേയും ദ്രോഹിച്ചു കൊണ്ട് പദ്ധതി നടപ്പിലാക്കില്ലെന്ന് ഭൂമിയും വീടും നഷ്ടമാകുന്നവർക്ക് പുനരധിവാസം ഉറപ്പാക്കും. അതേസമയം സമരത്തിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. മനപ്പൂർവം വിവാദമുണ്ടാക്കുന്നവരെ ജനങ്ങൾക്കറിയാം. വികസനം തടയാൻ പ്രതിപക്ഷം വ്യാജ ആരോപണങ്ങൾ നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

24-Mar-2022