റഹിമും സന്തോഷും ജെബിയും രാജ്യസഭയിലേക്ക്

സംസ്ഥാനത്തെ ഒഴിവുവരുന്ന രാജ്യസഭ സീറ്റുകളിലേക്ക് എ എ റഹിം, പി സന്തോഷ് കുമാർ, ജെബി മേത്തർ എന്നിവരെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. മൂന്ന് പേരെയും രാജ്യസഭ എം പിമാരായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രസ്താവന ഉടൻ പുറത്ത് വരും.

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെയാണ് പ്രഖ്യാപനം. മൂന്ന് ഒഴിവുകളിലേക്ക് മൂന്ന് സ്ഥാനാർത്ഥികൾ മാത്രം ഉള്ളതിനാൽ വോട്ടെടുപ്പ് ഒഴിവാക്കുകയായിരുന്നു. ഈ മാസം 31 നായിരുന്നു വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്.

നിലവിലെ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ പി സന്തോഷ്‌കുമാർ എഐവൈഎഫിന്റെ മുൻ ദേശീയ സെക്രട്ടറിയായിരുന്നു.ഡിവൈഎഫ്‌ഐ അഖിലേന്ത്യ സെക്രട്ടറി എഎ റഹീമാണ് സിപിഐഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥി. നിലവിൽ സിപിഐഎം സംസ്ഥാന സമിതി അംഗം കൂടിയാണ് റഹീം. യുഡിഎഫിൻറെ രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ജെബി മേത്തർ സംസ്ഥാന മഹിളാ കോൺ​ഗ്രസ് അധ്യക്ഷയാണ്. ഇവരുടെ സ്ഥാനാർത്ഥിത്വത്തിന് ഹൈക്കമാൻഡ് അം​ഗീകരം നൽകിയതോടെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.

സംസ്ഥാനത്തെ ഒഴിവുണ്ടായിരുന്ന മൂന്നു സ്ഥാനത്തേയ്ക്കു മൂന്നുപേര്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചത്. പത്രികയുടെ സൂക്ഷ്മ പരിശോധനയില്‍ സ്വതന്ത്രനായി പത്രിക നല്‍കിയ ഡോ കെ പത്മരാജന്റെ പത്രിക തള്ളിയിരുന്നു. സംസ്ഥാനത്തുനിന്നും 10 നിയമസഭാംഗങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ പിന്തുണച്ചാല്‍ മാത്രമേ മത്സരിക്കാനാകൂ. ഈ കാരണത്താലാണ് പത്മരാജന്റെ പത്രിക തള്ളിയത്.

24-Mar-2022