കരാറുകാര്‍ക്ക് പ്രവൃത്തിയുടെ ഗുണമേന്മയുടെ അടിസ്ഥാനത്തില്‍ ബോണസ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കരാറുകാരുടെ വിവിധസംഘടനകളുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിശ്ചിതസമയത്തിനുള്ളില്‍ ഗുണമേന്മയോടെ പണി പൂര്‍ത്തിയാക്കുന്ന കരാറുകാര്‍ക്ക് കരാര്‍ തുകയുടെ നിശ്ചിത ശതമാനം ആണ് ബോണസായി നല്‍കുക. കരാറുകാര്‍ ആവശ്യപ്പെടാതെ ആണ് സര്‍ക്കാര്‍ ഈ ഒരു തീരുമാനം നടപ്പാക്കുന്നത്. തങ്ങളുടെ ജോലി കൃത്യമായി നിര്‍വഹിക്കുന്ന കരാറുകാര്‍ക്ക് ഇത് വലിയ ഊര്‍ജ്ജം ആവും. തെറ്റായ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നവര്‍ക്ക് തിരുത്താനും ഇത് അവസരം നല്‍കും.
ബോണസ് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. വകുപ്പിന്റെ പ്രധാന ലക്ഷ്യമായ സുതാര്യത ഉറപ്പു വരുത്തലും കരാറുകാരെ പ്രോത്സാഹിപ്പിക്കലും ആണ് ലക്ഷ്യമിടുന്നത്. വകുപ്പിന് കീഴിലുള്ള പ്രവര്‍ത്തികളില്‍ പുതിയ നിര്‍മ്മാണ രീതികള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ കരാറുകാര്‍ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്. പുതിയ സാങ്കേതികവിദ്യ സംബന്ധിച്ച് കരാറുകാര്‍ക്ക് പരിശീലനം നല്‍കും. പിഡബ്ല്യുഡി യുടെ കീഴിലുള്ള കെ എച്ച് ആര്‍ ഐ യെ ഇതിന് ചുമതലപ്പെടുത്തിയിട്ടുണ്ട് .
നിലവില്‍ ഉദ്യോഗസ്ഥര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും ആണ് മേഖലാ തലത്തില്‍ ഇത്തരം പരിശീലനങ്ങള്‍ നല്‍കുന്നത്.നിര്‍മ്മാണസാമഗ്രികളുടെ വില വര്‍ദ്ധനവ് വലിയ ബാധ്യത ഉണ്ടാകുന്നതായി കരാറുകാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ധന മന്ത്രിയുമായി ചര്‍ച്ച നടത്തും. റോഡില്‍ കുഴികള്‍ ഇല്ലാത്ത കേരളംആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി നടപ്പാക്കിയ റണ്ണിങ് കോണ്‍ട്രാക്‌ട് നെയും കരാറുകാര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇ -ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കിയതും വകുപ്പില്‍ ഉദ്യോഗസ്ഥരെ പുനര്‍ വിന്യസിച്ചതുമെല്ലാം പ്രവര്‍ത്തികളെ കൂടുതല്‍ കാര്യക്ഷമമാക്കി എന്നും മന്ത്രി പറഞ്ഞു.